gate

അടൂർ : കെട്ടിനിറുത്തിയിരിക്കുന്ന പ്ളാസ്റ്റിക് കയർ പൊട്ടിയാൽ നിലംപൊത്തുന്ന അവസ്ഥയിലാണ് അടൂർ റവന്യു ടവറിലെ കിഴക്ക് ഭാഗത്തെ പ്രധാന ഗേറ്റ്. ഇതുവഴിയാണ് പൊലീസ് സ്റ്റേഷനിലേക്കുള്ള വാഹനങ്ങളും താലൂക്ക് ഒാഫീസ്, ജില്ലാ ഭക്ഷ്യസുരക്ഷാവിഭാഗം ഡെപ്യൂട്ടി കമ്മിഷണറുടെ ഒാഫീസ്, സബ് ട്രഷറി, ആർ.ടി.ഒ ഒാഫീസ്, താലൂക്ക് സപ്ളൈ ഒാഫീസ് എന്നിവിടങ്ങളിലേക്കുള്ള ജീവനക്കാരുടെയും ഒൗദ്യോഗിക വാഹനങ്ങളുടെയും യാത്ര. തൂണ് വാഹനം ഇടിച്ച് തകർന്നതോടെയാണ് കഴിഞ്ഞ ഒരു വർഷമായി ഗേറ്റ് കയറിട്ട് കെട്ടിനിറുത്തിയിരിക്കുന്നത്. തൂണിന്റെ അടിഭാഗം തകർന്ന് ഇളകിമാറിയിരിക്കുന്നു. മന്ത്രി പി.പ്രസാദ് ഹൗസിംഗ് ബോർഡ് ചെയർമാനായിരിക്കെയാണ് അടൂർ റവന്യൂ ടവർ വർഷങ്ങൾക്ക് ശേഷം അറ്റകുറ്റ പണികൾ നടത്തി പെയിന്റടിച്ച് നവീകരിച്ചത്. അപ്പോഴും ദുർബലമായ തൂൺ മാറ്റി സ്ഥാപിച്ച് ഗേറ്റ് ബലപ്പെടുത്താൻ അധികൃതർ തയ്യാറായില്ല. ഇതോടെ റവന്യൂ ടവറിൽ സന്ധ്യകഴിഞ്ഞാൽ സാമൂഹ്യവിരുദ്ധർക്ക് എന്തുമാകാമെന്ന അവസ്ഥയുമായി. പൊലീസ് സ്റ്റേഷൻ പരിസരത്താണ് റവന്യൂ ടവറെങ്കിലും രാത്രിയിൽ സാമൂഹ്യവിരുദ്ധ ശല്യത്തിന് ഒരുകുറവുമില്ല. പ്രധാന ഗേറ്റുകൾ രാത്രിയിൽ പൂട്ടിയിടാൻ സംവിധാനമൊരുക്കിയാൽ മാത്രമേ സാമൂഹ്യവിരുദ്ധരെ തുരത്താനാകു. പ്ളാസ്റ്റിക്ക് കയറിന്റെ ബലത്തിലാണ് ഗേറ്റ് വീഴാതിരിക്കുന്നത്. കെട്ട് അയഞ്ഞാൽ ഗേറ്റ് താഴെ വീഴും. സർക്കാർ ഒാഫീസുകൾ പ്രവർത്തിക്കുന്ന റവന്യൂ ടവറിന്റെ പ്രധാന്യം ഉൾക്കൊണ്ട് അടിയന്തരമായി പുതിയ തൂണ്‍ പണിത് ഗേറ്റ് പുനസ്ഥാപിക്കണമെന്ന് ആവശ്യം ശക്തമാണ്.

തകരാറിലായ തൂൺ പുനർനിർമ്മിച്ച് ഗേറ്റ് സ്ഥാപിക്കാൻ നടപടി സ്വീകരിക്കാത്തത് പ്രതിഷേധാർഹമാണ്. സുപ്രധാമായ സർക്കാർ സ്ഥാപനങ്ങൾപ്രവർത്തിക്കുന്ന ഇവിടെ മതിയായ സുരക്ഷ ഒരുക്കേണ്ട കടമ കെട്ടിടത്തിന്റെ ഉടമസ്ഥാവകാശമുള്ള ഹൗസിംഗ് ബോർഡിനുണ്ട്. ഇക്കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കണം.

അഡ്വ. മണ്ണടി മോഹൻ,

പ്രസിഡന്റ്, അടൂർ ബാർ അസോസിയേഷൻ.