oppana
സ്‌പെഷ്യൽ സ്‌കൂൾ കലോത്സവത്തിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ ഒപ്പന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ അടൂർ മണക്കാല സി.എസ്.ഐ എച്ച്.എസ്.എസ് സ്‌കൂളിലെ വിദ്യാർത്ഥികൾ സിറാജ് മാഷിനൊപ്പം.

കോട്ടയം: വേദിയിൽ കുട്ടികൾ മൽസരിക്കുമ്പോൾ മുദ്രകൾ കാട്ടി സിറാജ് മാഷ് സദസിനു മുന്നിലുണ്ടാകും. ഇത്, കണ്ട് കുട്ടികൾ തെറ്റാതെ ചുവടുകൾ വയ്ക്കും. സിറാജ് മാഷിന്റെ താളത്തിന് ഇത് ഏഴാംതവണയാണ് ഒന്നാം സ്ഥാനം ലഭിക്കുന്നത്. സ്‌പെഷ്യൽ സ്‌കൂൾ കലോത്സവത്തിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ ശ്രവണ പരിമിതിയുള്ളവരുടെ ഒപ്പന മത്സരത്തിൽ തുടർച്ചയായി അടൂർ മണക്കാല സി.എസ്.ഐ എച്ച്.എസ്.എസിനു തന്നെയാണ് ഒന്നാം സ്ഥാനം. കണ്ണൂർ ഇരട്ടി കണിയാൻങ്കണ്ടി വീട്ടിൽ സിറാജിന് പരിമിതികളുള്ള കുട്ടികളെ ഒപ്പന പഠിപ്പിക്കുന്നതിൽ ആശങ്കയുണ്ടായിരുന്നെങ്കിലും സ്‌കൂളിലെ അദ്ധ്യാപകരുടെ നിർബന്ധത്തിനു വഴങ്ങുകയായിരുന്നു. ഒരു മാസമെടുത്താണ് ഒപ്പന പരിശീലിപ്പിച്ചത്. ഒപ്പനപ്പാട്ടിന്റെ ഈണവും സിറാജാണ് ചിട്ടപ്പെടുത്തുന്നത്. സ്‌പെഷ്യൽ സ്‌കൂളിലെ കുട്ടികളെ അല്ലാതെ മറ്റ് കലോത്സവങ്ങൾക്കും പരിശീലനം നൽകുന്നുണ്ട്. എന്നാൽ പരിമിതികളുള്ള കുട്ടികളെ പഠിപ്പിക്കുന്നതിൽ കൂടുതൽ ആനന്ദം അനുഭവിക്കുന്നതായി സിറാജ് മാഷ് പറഞ്ഞു.