
പന്തളം: കാട്ടുപന്നി ശല്യം മൂലം കർഷകർ കൃഷിയോടു വിടപറയുന്നു. വൻതോതിലാണ് പന്നിക്കൂട്ടം കൃഷി നശിപ്പിക്കുന്നത്. പന്തളം തെക്കേക്കര പെരുമ്പുളിക്കൽ താഴത്തേതിൽ ജി.എസ്. മന്ദിരത്തിൽ ജി.എസ്. സുരേന്ദ്രന്റെ 50ഓളം മൂട് കപ്പയും, ചേമ്പും 25ലേറെ തെങ്ങിൻ തൈകളും ഉൾപ്പെടെയാണ് കഴിഞ്ഞ രാത്രിയിൽ പന്നികൾ നശിപ്പിച്ചത്. മുമ്പ് അനുജന്റെ പുരയിടമുൾപ്പെടെ മൂന്നര ഏക്കറോളം സ്ഥലത്തു വിവിധ കൃഷികൾ ചെയ്തിരുന്നു. ലക്ഷങ്ങൾ മുടക്കി ഡ്രിപ് ഇറിഗേഷൻ സൗകര്യവും, ഗ്രീൻ ഹൗസും ഒരുക്കിയിരുന്നു. എന്നാൽ പന്നികൾ കാരണം ഇതെല്ലാം നഷ്ടത്തിലായി. തുടർന്ന് കുൃഷി പരിമിതപ്പെടുത്തി.
ഉപദ്രവകാരിയായ കാട്ടുപന്നിയെ കൊല്ലാൻ കർഷകന് അനുമതി നൽകണമെന്നാണ് സുരേന്ദ്രന്റെ ആവശ്യം ' അതു സാദ്ധ്യമല്ലെങ്കിൽ കാട്ടുപന്നിയുടെ ഉടമകളായ വനംവകുപ്പ് ഇതിനെ നിയന്ത്രിക്കാൻ നടപടികളെടുക്കണം. സുരേന്ദ്രൻ മാത്രമല്ല, സംസ്ഥാനത്തെ മികച്ച കർഷകനുള്ള പുരസ്‌കാരം നേടിയ വരിക്കോലിൽ മോഹനൻപിള്ള, ചരിഞ്ഞകാലായിൽ വിജയനാഥ കുറുപ്പ്, രവീന്ദ്രൻ നായർ പിരളശേരിൽ, ചാല പറമ്പിൽ രാജേന്ദ്രകുറുപ്പ് , തടത്തിൽ തെക്കേതിൽ കേശവൻ, നരിയാരേത്ത് പരമേശ്വരൻ പിള്ള, തടത്തിൽ തെക്കേതിൽ ശാന്ത എന്നിവരെല്ലാം പന്നികളുടെ ശല്യം കാരണംദുരിതം അനുഭവിക്കുന്ന കർഷകരാണ്.
പന്തളം തെക്കേക്കര, തുമ്പമൺ പഞ്ചായത്തുകൾ പൂർണമായും, കുളനട പഞ്ചായത്തിൽ പുന്നക്കുളഞ്ഞിയുൾപ്പടെയുള്ള ഉള്ളന്നൂർ ഭാഗങ്ങളും, പന്തളം നഗരസഭയിൽ കുരമ്പാലയിൽ മാവര,തോട്ടുകര, മുക്കോടി, മണ്ണിൽവ യ ൽ, മാവിനാൽ, കൊടുതാറ്റ് പടി, ഓണംകോട്ട് പ്രദേശങ്ങളും പൂർണമായും പന്നികൾ കൈയടക്കിയിരിക്കുകയാണ്. വാഴയും കപ്പയും കൂടാതെ നെല്ല്, ചേന, ചേമ്പ് എന്നിവയെല്ലാം ഇവ കുത്തിയിളക്കി തിന്നുന്നു.. ഇഞ്ചിയും മഞ്ഞളും പന്നികൾ തിന്നുകയില്ലെങ്കിലും എല്ലാം കുത്തിയിളക്കി നശിപ്പിക്കുകയാണ്. കർഷകരെ സഹായിക്കാൻ കൃഷിവകുപ്പ് നിരവധി പദ്ധതികളാണ് നടപ്പാക്കുന്നത്. ഇതിൽ ആകൃഷ്ടരായി പലരും കൃഷിയിലേക്ക് തിരിയുന്നുണ്ടെങ്കിലും പന്നികൾ തലവേദനയാവുകയാണ്.