മല്ലപ്പള്ളി : ജൈവ പച്ചക്കറി കൃഷിയിലും,സംഘടനാ നേതൃത്വത്തിലും , ജീവനക്കാര്യത്തിലും ഒരുപോലെ മികവ് പുലർത്തി എഴുമറ്റൂർ പ്രതീഷ്ഭവനിൽ പ്രതീഷ് കെ.ആർ. തന്റെ ഒരേക്കർ 19 സെന്റ് ഭൂമിയിൽ ജൈവ പച്ചക്കറി തോട്ടം ഒരുക്കി വ്യത്യസ്ഥനാകുകയാണ്. തിരുവല്ല ഈസ്റ്റ് കോപ്പറേറ്റീവ് ബാങ്ക് ജീവനക്കാരനായ ഇദ്ദേഹം കഴിഞ്ഞ 11വർഷക്കാലമായി എഴുമറ്റൂർ 1156-ാം എസ്.എൻ.ഡി.പി ശാഖയുടെ സെക്രട്ടറി കൂടിയാണ്. കൂടാതെ ഭൂമി അളന്ന് തിട്ടപ്പെടുത്തുന്ന ചെയിൻ സർവേ ജോലിക്കും പുറമേ അവധി ദിവസങ്ങളിൽ കൂടുതൽ സമയം കൃഷിയിയിടത്തിലും എല്ലാ ദിവസവും രാവിലെ ഒന്നര മണിക്കൂർ തന്റെ ഭൂമിയിൽ ജൈവ പച്ചക്കറി തോട്ടത്തിലുമാണ് പ്രവർത്തിക്കുന്നത്.പടവലം,പാവൽ,പയർ, ചീര, മത്തൻ , ചേന, ചേമ്പ്, കാച്ചിൽ, മരച്ചീനി, ഇഞ്ചി, ഏത്തൻ , ഞാലി, പൂവൻ, കുറ്റി കുരുമുളക് എന്നിങ്ങനെ വിവിധയിനം കൃഷികളും,വ്യത്യസ്തയിനം കായ്ഫലങ്ങളുടെ ശേഖരവും , വംശനാശം സംഭവിച്ചു വരുന്ന ഡ്രാഗൺചില്ലി അടക്കം വിവിധയിനം മുളകുകൾ,അലങ്കാര മത്സ്യങ്ങളും, കോഴി വളർത്തും,വീടിന് മുമ്പിലെ പൂന്തോട്ടത്തിന്റെ പരിപാലനവും ഇദ്ദേഹത്തെ വ്യത്യസ്തനാക്കുന്നു. ഭാര്യ 2019ൽ കുടുംബശ്രീയുടെ മികച്ച വനിതാ കർഷക കൂടിയായ അനിതാ പ്രതീഷും ,ഇളയ മകൻ ആദിഷ് കെ.പ്രതീഷും അച്ഛന്റെ കൃഷികളിൽ സഹായികളാണ്. മുത്തമകനായ അക്ഷയ് കെ.പ്രതീഷ് 2019 - 21ലെ തുരുത്തിക്കാട് ബി.എ.എം കോളേജിലെ ബസ്റ്റ് സ്റ്റുഡന്റാണ്. ചെറുപ്രായത്തിൽ കർഷക പാരമ്പര്യമുള്ള പിതാവിന്റെ കൂടെ 40 സെന്റ് പുഞ്ചയിൽ വാഴയും, തെങ്ങിൻ കൃഷികൾ ചെയ്ത് അതെ പോലെ തുടർ ജീവിതത്തിലും പ്രാവർത്തികമാക്കി വരുകയാണ് പ്രതീഷ്. പിതാവ് രാമകൃഷ്ണൻ 12 വർഷക്കാലം എഴുമറ്റൂർ എസ്.എൻ.ഡി.പി ശാഖയുടെ സെക്രട്ടറിയായി സേവനം അനുഷ്ടിച്ചിരുന്നു. തിരുവല്ലയിൽ കേരള കൗമുദി റീഡേഴ്സ് ക്ലബിലെ മൂന്ന് വർഷക്കാലം അംഗവുമായിരുന്നു പ്രതീഷ്.