അടൂർ :കരുവാറ്റ ഭാഗത്തുനിന്ന് നെല്ലിമൂട്ടിൽ പടി ഭാഗത്തേക്ക് ഒഴുകുന്ന തോട്ടിൽ കക്കൂസ് മാലിന്യം തള്ളുന്നത് മൂലം പ്രദേശവാസികൾ ദുരിതത്തിൽ. സമീപത്തുള്ള കിണർ വെള്ളം ഇതുമൂലം മലിനമായി വെള്ളം ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതിയാണ്. ഈ വെള്ളം ഉപയോഗിച്ചാൽ ജലജന്യ രോഗങ്ങൾ പടർന്നു പിടിക്കാനുള്ള സാദ്ധ്യതയുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. ടാങ്കറിൽ തോട്ടിലേക്ക് ഒഴുക്കിവിട്ട മാലിന്യം മൂലം റോഡിന്റെ സമീപത്ത് കടുത്ത ദുർഗന്ധം വമിക്കുന്നു. തോട്ടിലെ വെള്ളം ഇപ്പോൾ കറുത്ത് കിടക്കുകയാണ്. സ്വകാര്യ ബസ് സ്റ്റാൻഡ് ഭാഗത്താണ് മാലിന്യം തള്ളുന്നത്. അധികൃതർ ഇടപെട്ട് അടിയന്തരമായി പ്രശ്നത്തിന് പരിഹാരം കാണണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാണ്.