
പത്തനംതിട്ട : ശബരിമല തീർത്ഥാടന മുന്നൊരുക്കങ്ങൾ നടപ്പാക്കുന്നതിൽ സർക്കാരും ദേവസ്വം ബോർഡും കാട്ടുന്ന അലംഭാവം വെടിയണമെന്ന് ഹിന്ദു ഐക്യവേദി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. കൊവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട ഇടവേളയ്ക്ക് ശേഷം നടക്കുന്ന ഈ വർഷത്തെ തീർത്ഥാടനത്തിന് മുൻ വർഷങ്ങളേക്കാൾ തിരക്ക് ഉണ്ടാകുവാൻ സാദ്ധ്യതയുണ്ട്. അയ്യപ്പൻമാർക്ക് കുടിവെള്ളം, ശൗചാലയം, ചികിത്സ, അന്നദാനം, വിരിവയ്ക്കൽ തുടങ്ങിയവയ്ക്ക് സംവിധാനങ്ങൾ ഒരുക്കി തീർത്ഥാടനം സുഗമമാക്കണം. സന്നിധാനത്ത് എത്തുന്ന അയ്യപ്പൻമാർക്ക് ദർശനം, നെയ്യഭിഷേകം, പ്രസാദം വാങ്ങൽ എന്നിവ പൂർത്തീകരിക്കുന്നതുവരെ വിരിവച്ച് വിശ്രമിക്കാൻ സൗകര്യമൊരുക്കണം. ഭസ്മക്കുളത്തിന് പരിസരത്തെ മാലിന്യം അടിയന്തരമായി നീക്കം ചെയ്യണം. സന്നിധാനത്തെ ഭക്ഷണശാലകളിൽ ആരോഗ്യ വകുപ്പിന്റെ കൃത്യമായ പരിശോധന ഉറപ്പാക്കുകയും ജോലിക്കാർക്ക് ഹെൽത്ത് കാർഡ് നടപ്പാക്കുകയും വേണം. പമ്പയിൽ നിന്ന് ശരംകുത്തി വഴിയുള്ള പരമ്പരാഗത പാത ഉപയോഗയോഗ്യമാക്കണം. എരുമേലി, കാളകെട്ടി, പുല്ലുമേട് വഴികളിലൂടെ സന്നിധാനത്തേക്കുള്ള കാനനപാതകളും യഥാസമയം തുറന്ന് നൽകണം. ബാരിക്കേഡ് നിർമ്മിച്ച് സുരക്ഷയൊരുക്കി പിതൃതർപ്പണം ത്രിവേണീസംഗമസ്ഥാനത്ത് തന്നെ നടത്തുവാൻ വേണ്ട നടപടികൾ കൈക്കൊള്ളണം. ത്രിവേണിയിൽ അടിഞ്ഞിരിക്കുന്ന മരങ്ങൾ, മറ്റു മാലിന്യങ്ങൾ എന്നിവ ഉടൻ നീക്കം ചെയ്യണം. നിലയ്ക്കൽ ബേസ് ക്യാമ്പിൽ വാഹനങ്ങൾ പാർക്കു ചെയ്യുന്നതിന് വേണ്ടി കൂടുതൽ പാർക്കിംഗ് കേന്ദ്രങ്ങൾ സജ്ജീകരിക്കണം. ബി.എസ്.എൻ.എൽ ഒഴികെ മറ്റു സ്വകാര്യ ടെലികോം കമ്പനികൾ അവരുടെ റിയാക്ടറുകൾ ആക്ടീവ് ആക്കാത്തതിനാൽ നെറ്റ് വർക്കിംഗ് പ്രശ്‌നങ്ങൾ നേരിടുന്നുണ്ട്. ളാഹമുതൽ നിലയ്ക്കൽ വരെയുള്ള റോഡ് തകർന്നു കിടക്കുകയാണെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി പി.സുധാകരൻ, ജില്ലാ സെക്രട്ടറി സി.അശോക് കുമാർ, സംസ്ഥാന ഉപാദ്ധ്യക്ഷൻ അഡ്വ.കെ.ഹരിദാസ്, ജില്ലാ ട്രഷറാർ രമേശ് മണ്ണൂർ, ജില്ലാ ജനറൽ സെക്രട്ടറി കെ.എസ്.സതീഷ്‌കുമാർ എന്നിവർ പങ്കെടുത്തു.