ville
പെരിങ്ങനാട് സ്മാർട്ട് വില്ലേജ് ഓഫീസിന്റെ നിർമ്മാണോദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവ്വഹിക്കുന്നു.

അടൂർ : ജനോപകാരപ്രദമായ സേവനം നൽകുന്നതിൽ വില്ലേജ് ഓഫീസുകളുടെ പങ്ക് അഭിനന്ദനാർഹമാണന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. പെരിങ്ങനാട് സ്മാർട്ട് വില്ലേജ് ഓഫീസിന്റെ നിർമ്മാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. വില്ലേജ് ഓഫീസ് സ്മാർട്ടാകുമ്പോൾ ജനങ്ങൾക്ക് ലഭിക്കുന്ന സേവനങ്ങളും മികവാർന്നതാകും. അടൂർ മണ്ഡലത്തിനെ സമ്പൂർണമായി സ്മാർട്ട് ആക്കുന്നതിന്റെ ഭാഗമായി ഐ.എച്ച്.ആർ.ഡിയിലെ എൻ.എസ്.എസ് യൂണിറ്റുമായി സഹകരിച്ച് കുടുംബശ്രീ അംഗങ്ങൾക്ക് ഓൺലൈൻ സേവനങ്ങൾ പഠിപ്പിക്കുവാൻ വേണ്ട പരിശീലനം തുടങ്ങും. ആറുമാസത്തിനകം തന്നെ പുതിയ വില്ലേജ് ഓഫീസ് പ്രവർത്തനക്ഷമമാക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. അടൂർ താലൂക്കിന്റെ കീഴിൽ പ്രവർത്തിക്കുന്ന എല്ലാ ഓഫീസുകളിലും ഇ - ഓഫീസ് ആക്കുന്നതിന്റെ ഭാഗമായി 15 ലക്ഷം രൂപ സ്ഥലം എം.എൽ.എ കൂടിയായ ഡെപ്യൂട്ടി സ്പീക്കർ അനുവദിച്ചിരുന്നു. 1400 ചതുരശ്രയടി വിസ്തീർണത്തിൽ 42 ലക്ഷം രൂപ മുതൽ മുടക്കിയാണ് പെരിങ്ങനാട് സ്മാർട്ട് വില്ലേജ് നിർമ്മിക്കുന്നത്. നാലു മുറിയും റെക്കാഡ് റൂമും ഉൾപ്പെടെ സൗകര്യങ്ങളോടു കൂടിയാണ് ഓഫീസ്. നിർമ്മാണ ചുമതല ജില്ലാ നിർമ്മിതി കേന്ദ്രമാണ്. പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മക്കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി ജയൻ, അടൂർ ആർ.ഡി.ഒ എ.തുളസീധരൻ പിള്ള, തഹസീൽദാർ ജി.കെ പ്രദീപ്, പള്ളിക്കൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.മനു,വിവിധ കക്ഷി രാഷ്ട്രീയ നേതാക്കളായ മുണ്ടപ്പള്ളി തോമസ്, പഴംകുളം ശിവദാസൻ, എം.ജി കൃഷ്ണകുമാർ, ടി.മുരുകേഷ്, എ.പി സന്തോഷ്, രാജൻ സുലൈമാൻ, അടൂർ ജയൻ, കെ.ആർ ചന്ദ്രമോഹനൻ, പ്രവീൺ, അഡ്വ.ഡി.ഉദയൻ,വാർഡ് മെമ്പർ സുജിത്ത്, ജില്ല നിർമ്മിതി കേന്ദ്രം പ്രോജക്ട് മാനേജർ എസ്.സനിൽ, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ ,തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.