kuttoor
കുറ്റൂർ റെയിൽവേ അടിപ്പാതയിൽ ഒരുവശം ഉയർത്തിയുള്ള നിർമ്മാണം തുടങ്ങിയപ്പോൾ

തിരുവല്ല ഔട്ടർ റിംഗ് റോഡിന്റെ വികസനത്തെ തകർക്കുന്ന പരിഷ്‌ക്കാരമെന്ന് ആക്ഷേപം

..................

തിരുവല്ല: മഴക്കാലത്ത് പതിവാകുന്ന വെള്ളക്കെട്ട് കാരണം യാത്രക്കാർക്ക് ദുരിതമായ കുറ്റൂർ റെയിൽവേ അടിപ്പാതയിൽ റെയിൽവേ പുതിയ പരീക്ഷണം തുടങ്ങി. അടിപ്പാത നിർമ്മിച്ചശേഷം അഞ്ച് വർഷത്തിനിടെ വെള്ളക്കെട്ട് ഒഴിവാക്കാൻ പലവിധ പരിശ്രമങ്ങൾ പണംചെലവഴിച്ചു നടത്തിയിട്ടും പരിഹാരം ഉണ്ടാകാത്തതിനാലാണ് വീണ്ടും പുതിയ പരീക്ഷണവുമായി രംഗത്തെത്തിയിരിക്കുന്നത്. തിരുവല്ല ഔട്ടർ റിംഗ് റോഡിൽ ഉൾപ്പെടുന്ന കുറ്റൂരിലെ അടിപ്പാതയിലാണ് വീതിയുടെ പകുതിയോളം ഉയർത്തി പുതിയ റോഡ് പണിയുന്നത്. വെള്ളക്കെട്ട് ഒഴിവാക്കാനായി റെയിൽവേ നടത്തുന്ന പുതിയ മണ്ടൻപണികൾ തിരുവല്ല ഔട്ടർ ബൈപ്പാസായി ഉപയോഗിക്കുന്ന ഈ പ്രധാന റോഡിന്റെ നാശത്തിലേക്ക് നയിക്കുമെന്ന് നാട്ടുകാർ പറഞ്ഞു. കുറ്റൂർ ജംഗ്ഷനിൽ നിന്ന് ആരംഭിച്ചു മനക്കച്ചിറ- കിഴക്കൻ മുത്തൂർ -ചുമത്ര വഴി മുത്തൂർ ജംഗ്ഷനിൽ അവസാനിക്കുന്ന തിരുവല്ലയുടെ ഔട്ടർ റിംഗ് റോഡ് അടുത്തകാലത്താണ് 27കോടി രൂപ മുടക്കി നവീകരിച്ചത്.താലൂക്കിലെ അടിപ്പാതകളിൽ ഏറ്റവും നീളമേറിയ പാതയാണ് കുറ്റൂരിലേത്. 23അടി വീതിയിലും 50 അടി നീളത്തിലുമായി ബോക്സ്‌ രൂപത്തിലാണ് നിർമ്മിച്ചിട്ടുള്ളത്. ഇത്തരത്തിലുള്ള രണ്ടെണ്ണം നിർമ്മിച്ചശേഷം ഹൈഡ്രോളിക്ക് ജാക്കി ഉപയോഗിച്ച് തള്ളിയാണ് പാത നിർമ്മിച്ചത്.ബോക്സ്‌ നീക്കിയപ്പോൾ ഇരുത്തം വന്നതിനാലാണ് മഴക്കാലത്ത് റോഡിൽ വെള്ളക്കെട്ടിന് കാരണമായതെന്നും നാട്ടുകാർ പറയുന്നു.

നിലവിൽ നടക്കുന്നത്

നിലവിൽ അടിപ്പാതയിലെ ഓവ്ചാലിനു മുകളിലൂടെയുള്ള നടപ്പാത വീതിയും ഉയരവും കൂട്ടി ഓട്ടോറിക്ഷ പോലുള്ള ചെറിയ വാഹനങ്ങൾക്ക് മാത്രം കടന്നുപോകാവുന്ന രീതിയിലുള്ള നിർമ്മാണ പ്രവർത്തികളാണ് നടക്കുന്നത്. മുൻപ് രണ്ടുവലിയ വാഹനങ്ങൾ ഒരേസമയം ഇരുവശങ്ങളിലേക്കും കടന്നുപോകാൻ കഴിയുമായിരുന്നെങ്കിൽ ഒരു വലിയ വാഹനത്തിന് മാത്രമേ ഇനി അടിപ്പാതയിലൂടെ പോകാനാകൂ. നാട്ടുകാർ നിരവധി കാര്യങ്ങളും നിർദ്ദേശങ്ങളും റെയിൽവേ അധികാരികളോട് പറഞ്ഞെങ്കിലും അതൊന്നും പരിഗണിക്കാതെയാണ് പണിയുമായി ഉദ്യോഗസ്ഥർ മുന്നോട്ട് പോകുന്നത്.

...................

അടിപ്പാതയിൽ ഉയർത്തുന്ന ഭാഗത്ത് മിനി ആംബുലൻസിന് കടന്നുപോകാവുന്ന വിതിയിൽ നിർമ്മിക്കണം. യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന ഈ വിഷയത്തിൽ ജനപ്രതിനിധികളും ജില്ലാ ഭരണകൂടവും അടിയന്തരമായി ഇടപെടണം.
വി.ആർ.രാജേഷ്
പ്രദേശവാസി, യൂത്ത് ഫ്രണ്ട് സംസ്‌ഥാന

ജനറൽ സെക്രട്ടറി

...................

താലൂക്കിലെ ഏറ്റവും നീളമേറിയ റെയിൽവേ അടിപ്പാത

27 കോടി മുടക്കി നവീകരിച്ചത്

23 അടി വീതി, 50 അടി നീളത്തിലും ബോക്സ്