
പത്തനംതിട്ട : പതിനൊന്നാമത് കാർഷിക സെൻസസ് നവംബർ, ഡിസംബർ മാസങ്ങളിൽ നടക്കും. വിവിധ വികസന പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനും സാമൂഹിക സാമ്പത്തിക നയരൂപീകരണത്തിനുമായാണ് കാർഷിക സെൻസസ് നടത്തുന്നത്. ഗൂഗിൾ പ്‌ളേ സ്റ്റോറിൽ നിന്ന് ലഭ്യമാകുന്ന ആൻഡ്രോയിഡ് ആപ്ലിക്കേഷൻ മുഖേന താൽക്കാലിക എന്യൂമറേറ്റർമാർ വീടുകളിൽ വന്ന് ആവശ്യമായ വിവരങ്ങൾ ശേഖരിക്കും. സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പിനാണ് സെൻസസിന്റെ നടത്തിപ്പ് ചുമതല.
മൂന്ന് ഘട്ടങ്ങളിലായി പ്രവർത്തനങ്ങൾ
1.എല്ലാ തദ്ദേശ സ്വയംഭരണ വാർഡുകളിലെയും മുഴുവൻ ഉടമസ്ഥരുടെയും കൈവശാനുഭവ ഭൂമിയുടെ എണ്ണവും വിസ്തൃതിയും സാമൂഹ്യവിഭാഗം, ജെൻഡർ ഉടമസ്ഥത, ഹോൾഡിംഗിന്റെ തരം തുടങ്ങിയ പ്രാഥമിക വിവരങ്ങൾ ശേഖരിക്കുന്നതാണ് ഒന്നാംഘട്ടം.
2.പ്രധാന സർവേയായ രണ്ടാംഘട്ടത്തിൽ സംസ്ഥാനത്തെ മുഴുവൻ തദ്ദേശ സ്വയംഭരണ വാർഡുകളുടെ 20ശതമാനം വാർഡുകളിലെ തിരഞ്ഞെടുത്ത ഹോൾഡിംഗുകളിൽ നിന്ന് കൃഷി രീതി, ജലസേചനം തുടങ്ങിയ വിവരങ്ങൾ ശേഖരിക്കും.
3. മൂന്നാംഘട്ടത്തിൽ സംസ്ഥാനത്തെ മുഴുവൻ തദ്ദേശ സ്വയംഭരണ വാർഡുകളുടെ ഏഴ് ശതമാനം സാമ്പിൾ വാർഡുകളിൽ നിന്ന് തെരഞ്ഞെടുത്ത ഹോൾഡിംഗുകളുടെ ഇൻപുട്ട് ഉപയോഗരീതിയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കും.
കാർഷിക സെൻസസിന്റെ ലക്ഷ്യം.
കൈവശാനുഭവ ഭൂമിയുടെ എണ്ണവും വിസ്തൃതിയും, ഭൂവിനിയോഗം, കൃഷി രീതി, കൃഷിക്കുപയോഗിക്കുന്ന ജലസേചനം, വളം, കീടനാശിനി, കാർഷിക ഉപകരണങ്ങൾ മുതലായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കാർഷിക മേഖലയുടെ ഘടനയും സവിശേഷതകളും വിവരിക്കുക. കാർഷിക മേഖലയുടെ സമഗ്ര വികസനത്തിനാവശ്യമായ പദ്ധതി തയ്യാറാക്കുകയും പുതിയ നയങ്ങൾ രൂപീകരിക്കുകയും ചെയ്യുന്നതിനാവശ്യമായ വിവരങ്ങൾ ഏറ്റവും താഴ്ന്ന തലമായ ജില്ല, ബ്ലോക്ക്, വാർഡ് വരെ നൽകുക, കാർഷിക സർവെ നടത്തുന്നതിനാവശ്യമായ ചട്ടക്കൂട് ഉണ്ടാക്കുക തുടങ്ങിയവയാണ് ലക്ഷ്യം.
ജില്ലയിൽ 307 എന്യൂമറേറ്റർമാരെയും 60 സൂപ്പർവൈസർമാരെയും കാർഷിക സെൻസസിനായി നിയമിച്ചിട്ടുണ്ട്.
അഞ്ച് വർഷത്തിലൊരിക്കലാണ് കേന്ദ്ര സർക്കാർ
എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും കാർഷിക സെൻസസ് നടത്തുന്നത്.