മാന്നാർ: പമ്പാനദിയിൽ പാണ്ടനാട് നെട്ടായത്ത് നവംബർ അഞ്ചിന് നടക്കുന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരങ്ങളോടനുബന്ധിച്ചുള്ള സർഗോത്സവമായ 'ചെങ്ങന്നൂർ പെരുമ'യ്ക്ക് ഇന്ന് മാന്നാറിൽ തിരശീല ഉയരുമെന്ന് സംഘാടകസമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 14 ദിവസം 38 വേദികളിലായി 108 കലാരൂപങ്ങളും 15 സെമിനാറുകളും മൂന്ന് വിളംബര ഘോഷയാത്രകളുമാണ് സംഘടിപ്പിച്ചിരിക്കുന്നത്.

മാന്നാർ നായർസമാജം സ്‌കൂൾ മൈതാനിൽ ഒരുക്കിയിരിക്കുന്ന വലിയ കാൻവാസിൽ ഇന്ന് രാവിലെ 9 മുതൽ ഒന്നുവരെ കേരളത്തിലെ പ്രഗത്ഭരായ 100 ചിത്രകാരന്മാർ ചേർന്നൊരുക്കുന്ന 'വർണായനം' ചിത്രകാരൻ ഷിബു നടേശൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് മൂന്നിന് പരുമല ദേവസ്വം ബോർഡ് പമ്പ കോളേജിൽ നിന്നാരംഭിച്ച് പ്രധാന വേദിയായ മാന്നാർ നായർ സമാജം സ്‌കൂൾ ഗ്രൗണ്ടിൽ എത്തുന്ന വിളംബര ഘോഷയാത്രയോടെ പരിപാടികൾക്ക് തുടക്കമാകും. മണ്ഡലംതല ഉദ്ഘാടനം 5ന് ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള നിർവഹിക്കും. മന്ത്രി പി.പ്രസാദ് അദ്ധ്യക്ഷനാകും. രമേശ് ചെന്നിത്തല എം.എൽ.എ മുഖ്യാതിഥിയാകും. 6ന് ഗോപിക വർമ്മയുടെ ഛായാമുഖി മോഹിനിയാട്ടം, തുടർന്ന് ചിന്ത്പാട്ട്, കരിന്തലക്കൂട്ടം ബാൻഡിന്റെ നാട്ടറിവ് പാട്ടുകൾ. 24ന് വൈകിട്ട് അഞ്ചിന് കാലാവസ്ഥ വ്യതിയാനവും സാമൂഹിക ആഘാതവും എന്ന വിഷയത്തിൽ സെമിനാർ സംസ്ഥാന ദുരന്തനിവാരണ അതോറിട്ടി മെമ്പർ സെക്രട്ടറി ഡോ.ശേഖർ കുര്യാക്കോസ് ഉദ്ഘാടനം ചെയ്യും. മാന്നാർ അബ്ദുൾ ലത്തീഫ് അദ്ധ്യക്ഷത വഹിക്കും. ആറിന് ഹിന്ദുസ്ഥാനി സംഗീതസന്ധ്യയും നൃത്തവും. 25ന് വൈകിട്ട് ആറിന് കർണ്ണാടക സംഗീതസദസും സോൾ ഒഫ് ഫോക്കിന്റെ നാട്ടുപാട്ടരങ്ങും. 26ന് വൈകിട്ട് 5ന് ഗ്രാന്റ് മാസ്റ്റർ ജി.എസ്. പ്രദീപിന്റെ അറിവുത്സവ്. തുടർന്ന് മുതുകാട് ഷോ- മാജിക്ക് അങ്കിളും കുട്ട്യോളും. 8.30ന് നാട്ട് ഗദ്ദിക, 9.30ന് സിത്താർ ഫ്യൂഷൻ.

27ന് രാവിലെ 10ന് വരമുദ്ര. വൈകിട്ട് 5ന് സെമിനാർ-പൈതൃക ടൂറിസത്തിന്റെ അനന്ത സാദ്ധ്യതകൾ. മന്ത്രി പി.രാജീവ് ഉദ്‌ഘാടനം ചെയ്യും. ടൂറിസംഡറക്ടർ പി.ബി. നൂഹ് മുഖ്യാതിഥിയാകും. വൈകിട്ട് ആറിന് ഗോത്ര ഗാനങ്ങൾ. 8ന് മെഗാ സ്റ്റേജ്ഷോ. 28ന് വൈകിട്ട് നാലിന് ഗസൽ സന്ധ്യ. അഞ്ചിന് സെമിനാർ പ്ലാനിംഗ് ബോർഡ് മുൻ അംഗം കെ.എൻ. ഹരിലാൽ ഉദ്ഘാടനം ചെയ്യും. 6.30 അർജ്ജുന നൃത്തം. 8ന് ഗാനമേള. 30ന് രാവിലെ 10ന് സെമിനാർ ഹരി കിഷോർ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 6ന് സ്നേഹനിലാ മാപ്പിള കലാസംഗമം. രാത്രി 8ന് ഭരത് നൃത്യം, സിനിമതാരം ശോഭനയും സംഘവും.

31 ന് വൈകിട്ട് 5ന് ശാസ്ത്രീയ നൃത്തം, 7ന് പടയണി. രാത്രി 8.30ന് സിനിമാതാരം ആശ ശരത്ത് അവതരിപ്പിക്കുന്ന നൃത്തനൃത്യം. നവംബർ ഒന്നിന് വൈകിട്ട് 3ന് കവിയരങ്ങ്, 4ന് പാട്ടമ്മയ്ക്കൊപ്പം- പാട്ടുകാരി നഞ്ചിയമ്മയെ ആദരിക്കുന്നു. 6.30ന് പുല്ലാങ്കുഴൽ ഫ്യൂഷൻ. 8ന് നാടകം. നവംബർ രണ്ടിന് വൈകിട്ട് 5ന് കർണ്ണാട്ടിക് ഫ്യൂഷൻ, 6ന് വയലിൻ ഫ്യൂഷൻ, 7ന് വൈലോപ്പള്ളി കവിതകളുടെ ദൃശ്യാവിഷ്കാരം. മൂന്നിന് വൈകിട്ട് അഞ്ചിന് ആക്ഷൻ ഹീറോ കോമഡി ഷോ. 7ന് നാടകം.

# തദ്ദേശ തലത്തിലും ആഘോഷം

ഇതോടൊപ്പം നഗരസഭ, പഞ്ചായത്ത് തലങ്ങളിൽ ഗ്രാമോത്സവങ്ങളും സെമിനാറും നടക്കും. നാടൊരുക്കിയ നിശബ്ദ സേവകർക്ക് ആദരം നൽകും. നഗരസഭയിലെ മുണ്ടൻകാവ് സന്തോഷ് ടാക്കീസ് പുനരാവിഷ്കരിക്കും. നവംബർ അഞ്ചിനു ചാമ്പ്യൻസ് ബോട്ട്ലീഗ് മത്സരങ്ങളോടെ സമാപിക്കും. സമാപന സമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.രാജൻ വള്ളംകളി ഫ്ളാഗ് ഒഫ് ചെയ്യും. മന്ത്രി ആന്റണി രാജു മുഖ്യാതിഥിയാകും. മന്ത്രി എം.ബി. രാജേഷ് സമ്മാനദാനം നിർവ്വഹിക്കും. മന്ത്രി വീണ ജോർജ്ജ് സുവനീർ പ്രകാശനം ചെയ്യും. ഘോഷയാത്ര പുരസ്കാരം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വിതരണം ചെയ്യും. സജി ചെറിയാൻ എം.എൽ.എ, ഒ.എസ്. ഉണ്ണിക്കൃഷ്ണൻ, ടി.വി. രത്നകുമാരി, ജി.വിവേക്, ജി.കൃഷ്ണകുമാർ, സുനിൽ ശ്രദ്ധേയം, എൻ.ആർ. സോമൻ പിള്ള, സുരേഷ് മത്തായി, പി.എൻ. ശെൽവരാജൻ, കെ.എ. കരീം, എം.കെ. ശ്രീകുമാർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.