vallam

പത്തനംതിട്ട : പാരമ്പര്യ ശൈലി പാലിക്കാതെയും പള്ളിയോടസേവാസംഘത്തിന്റെ നിർദേശങ്ങൾക്ക് വിരുദ്ധമായും ആറൻമുള വള്ളംകളിയിൽ പങ്കെടുത്തതിന് ജേതാക്കൾ ഉൾപ്പെടെ മൂന്ന് പള്ളിയോടങ്ങൾക്ക് രണ്ട് വർഷത്തേക്ക് വിലക്കേർപ്പെടുത്തി. എ ബാച്ച് ജേതാക്കളായ മല്ലപ്പുഴശ്ശേരി​, രണ്ടാംസ്ഥാനക്കാരായ കുറിയന്നൂർ , ലൂസേഴ്സ് ഫൈനലിൽ ഒന്നാമത് എത്തിയ പുന്നംതോട്ടം എന്നീ പള്ളിയോടങ്ങൾക്കാണ് വിലക്ക്. ഇന്നലെ കൂടിയ പള്ളിയോട സേവാസംഘം എക്സിക്യുട്ടീവ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. രണ്ടുവർഷത്തേക്ക് ആറൻമുള ഉത്രട്ടാതി ജലോത്സവത്തിലും മറ്റു ജലോത്സവങ്ങളിലും ഇൗ പള്ളിയോടങ്ങൾക്ക് പങ്കെടുക്കാനാകില്ല.

അടുത്ത രണ്ടുവർഷത്തേക്കുള്ള ഗ്രാൻഡ് തടയുന്നതിനും തീരുമാനമുണ്ട്. ഈ പള്ളിയോടങ്ങളിലെ ക്യാപ്ടൻമാരെയും അടുത്ത മൂന്ന് വർഷത്തേക്ക് അയോഗ്യരായി പ്രഖ്യാപിക്കുവാൻ തീരുമാനിച്ചു.

പള്ളിയോടസേവാസംഘം ട്രഷർ സഞ്ജീവ് കുമാർ കുറിയന്നൂർ, കമ്മിറ്റി അംഗമായ ശരത് പുന്നംതോട്ടം എന്നിവർ നിബന്ധനകൾ ലംഘിച്ചതിനാൽ സ്ഥാനങ്ങളിൽ നിന്ന് നീക്കം ചെയ്യാനും തീരുമാനമെടുത്തു. ശിക്ഷണനടപടികളിൽ ഉൾപ്പെട്ട മൂന്ന് പള്ളിയോടങ്ങൾക്ക് നൽകിയ ട്രോഫികളും മറ്റ് ആനുകൂല്യങ്ങളും തിരികെ വാങ്ങും. കഴിഞ്ഞ സെപ്തംബർ 11ന് ആണ് ആറൻമുള വള്ളംകളി നടന്നത്.

കൂലിക്കാർ തുഴഞ്ഞത് കുഴപ്പമായി

വച്ചുപാട്ടിന്റെ ഇൗണത്തിൽ ആറൻമുള ശൈലിയിൽ പാടി തുഴഞ്ഞു വരുന്ന പള്ളിയോടത്തിനാണ് ആറൻമുള വള്ളംകളിയിൽ ഒന്നാംസ്ഥാനം ലഭിക്കുക. പള്ളിയോടകരകളിൽ നിന്നുള്ളവരാകണം തുഴച്ചിൽക്കാർ എന്ന നിബന്ധനയുമുണ്ട്. എന്നാൽ കരയ്ക്ക് പുറത്ത് നിന്ന് കൂലിക്ക് ആളെവച്ച് തുഴഞ്ഞതിനാലാണ് മൂന്ന് പള്ളിയോടങ്ങൾക്ക് അയോഗ്യത കൽപ്പിച്ചത്. ഒന്നാമതെത്തുന്ന പള്ളിയോടം എന്നതിലുപരി പാട്ടിനും താളത്തിനുമെല്ലാം പ്രാധാന്യം നൽകിയാണ് ആറൻമുള വള്ളംകളിയിൽ ജേതാക്കളെ നിർണയിക്കുക.