24-t-amiya
റ്റി.ആമിയ

പന്തളം : കോളേജ്, സർവകലാശാല വിദ്യാർത്ഥികൾക്കായി പന്തളം പാലസ് വെൽഫെയർ സൊസൈറ്റി ഏർപ്പെടുത്തിയ കെ.രാമവർമരാജ സ്മാരക സാഹിത്യ പുരസ്​കാരം കൊല്ലം ടി.കെ.എം ആർട്​സ് ആൻഡ് സയൻസ് കോളേജിലെ ഇംഗ്ലീഷ് സാഹിത്യത്തിലെ ഗവേഷക വിദ്യാർത്ഥിനി ടി.ആമിയയ്ക്ക്. ആമിയയുടെ ചിത എന്ന കവിതയ്ക്കാണ് അവാർഡ്. 10001രൂപയും പ്രശസ്തി പത്രവും ശിൽപവും അടങ്ങുന്നതാണ് അവാർഡ്. സാഹിത്യകാരന്മാരായ കെ.രാജഗോപാൽ, രവിവർമ തമ്പുരാൻ, സുരേഷ് പനങ്ങാട് എന്നിവരടങ്ങിയ സമിതിയാണ് അവാർഡ് നിർണയിച്ചത്.
30​ന് വൈകിട്ട് നാലിന് പന്തളം വലിയ കോയിക്കൽ ധർമശാസ്താ ക്ഷേത്രം ഓഡിറ്റോറിയത്തിൽ നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സമ്മേളനം ഉദ്ഘാടനവും അവാർഡ് സമർപ്പണവും നിർവഹിക്കും. സാഹിത്യനിരൂപകൻ ഡോ.കെ.എസ്.രവികുമാർ അദ്ധ്യക്ഷത വഹിക്കും. കവികളായ കെ.രാജഗോപാൽ, സുമേഷ് കൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും. ആമിയ ഇംഗ്ലീഷിലും മലയാളത്തിലും ആനുകാലികങ്ങളിൽ കവിതകൾ എഴുതുന്നുണ്ട്. മെറാകി എന്ന ബൈലിൻഗ്വൽ ബ്ലോഗും എഴുതുന്നു. ഏനാത്ത് ആമിയ മൻസിലിൽ അഡ്വ.എ.താജുദീന്റെയും താജുനിസയുടെയും മകളാണ്.