logo
ലോഗോ

ചെങ്ങന്നൂർ: പാണ്ടനാട് നെട്ടയത്തിൽ നവംബർ അഞ്ചിന് നടക്കുന്ന ചാമ്പ്യൻസ് ട്രോഫി ബോട്ട് ലീഗ് മത്സര വളളംകളിയോടനുബന്ധിച്ചുള്ള ചെങ്ങന്നൂർ പെരുമ സർഗോത്സവം ഇന്നു മുതൽ നഗരസഭയിൽ ആരംഭിക്കുമെന്ന് നഗരസഭാ സംഘാടക സമിതി രക്ഷാധികാരി മറിയാമ്മ ജോൺ ഫിലിപ്പ്, ചെയർമാൻ കെ.ഷിബുരാജൻ, കൺവീനർ എം.കെ. മനോജ് എന്നിവർ അറിയിച്ചു. വൈകിട്ട് 6.30ന് ഗവ.ഗേൾസ് ഹൈസ്‌കൂളിൽ തിരുവനന്തപുരം ഗുരു ഗോപിനാഥ് നടന ഗ്രാമം അവതരിപ്പിക്കുന്ന കേരളനടനം ഫ്യൂഷൻ നടക്കും. 6.30ന് തിരുവല്ല ശ്രീവല്ലഭ വിലാസം അവതരിപ്പിക്കുന്ന കഥകളി നളചരിതം ഒന്നാം ദിവസം നടക്കും. 29ന് വൈകിട്ട് 3ന് മുണ്ടൻകാവിൽ നിന്ന് ഐ.എച്ച്.ആർ.ഡി എൻജിനീയറിംഗ് കോളേജിലേക്ക് വിളംബര ജാഥ നടക്കും. ചെങ്ങന്നൂർ നഗരസഭ, മുളക്കുഴ, ചെറിയനാട്, വെണ്മണി എന്നീ പഞ്ചായത്തുകളിൽ നിന്നുള്ളവർ ജാഥയിൽ അണിനിരക്കും. ജാഥയിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന വാർഡുകൾക്ക് കാഷ് അവാർഡുകൾ നൽകും. തുടർന്ന് ഐ.എച്ച്. ആർ.ഡി എൻജിനീയറിംഗ് കോളേജിൽ സാംസ്‌കാരിക സമ്മേളനവും രാത്രി 7ന് പന്തളം ബാലന്റെ ഗാനമേളയും നടക്കും. 30ന് രാവിലെ 10ന് നഗരോത്സവം നടക്കും. ഇതോടനുബന്ധിച്ച് മുതിർന്നവർക്കും കുട്ടികൾക്കും യുവജനങ്ങൾക്കുമായി വിവിധ കലാ സാഹിത്യ കായിക മത്സരങ്ങൾ നടക്കും. വൈകിട്ട് 5ന് ലഹരി മുക്ത കേരളവും യുവത്വത്തിന്റെ പങ്കും എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ എം.എൽ.എ എച്ച് സലാം ഉദ്ഘാടനം ചെയ്യും. യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ്.സതീഷ് വിഷയാവതരണം നടത്തും. എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ എൻ.അശോക് കുമാർ മുഖ്യപ്രഭാഷണം നടത്തും. സംഘാടക സമിതി ചെയർമാൻ കെ.ഷിബുരാജൻ അദ്ധ്യക്ഷത വഹിക്കും. വൈകിട്ട് 6ന് മെഗാ മാജിക് ഷോ നടക്കും. 31ന് വൈകിട്ട് 4ന് വരമുദ്ര എന്ന പരിപാടി നടക്കും. 6ന് കഥാപ്രസംഗം, 7ന് നാടൻ പാട്ട് എന്നിവ നടക്കും.