ksrtc

പത്തനംതിട്ട : രാത്രിയായാൽ പത്തനംതിട്ട കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്ന് സർവീസുകളില്ല. മറ്റ് ഡ‌ിപ്പോകളിൽ നിന്ന് പത്തനംതിട്ടയിലെത്തി തിരിച്ച് പോകുന്ന ബസുകളാണ് യാത്രക്കാർക്ക് ആശ്രയം. വന്നുപോകുന്ന ബസുകൾ പലപ്പോഴും ഏറെ വൈകുന്നതും പതിവാണ്. രാത്രിയിൽ പത്തനംതിട്ടയിൽ നിന്ന് മടങ്ങി പോകണമെങ്കിൽ മണിക്കൂറുകൾ ബസ് കാത്തിരിക്കണം.

ബസ് കിട്ടാതെ വരുമ്പോൾ യാത്രക്കാർ പലരും ഷെയറിട്ട് വാഹനം വിളിച്ചും ലിഫ്റ്റ് വാങ്ങിയും ആണ് യാത്ര ചെയ്യുന്നത്.

തിരുവല്ല , ചങ്ങനാശ്ശേരി , കോട്ടയം ഭാഗത്തേക്കുള്ള ബസുകളെ ആശ്രയിച്ച് രാത്രി ജോലി കഴിഞ്ഞിറങ്ങുന്ന നിരവധി പേരുണ്ട്. റയിൽവേ സ്റ്റേഷനിലെത്തേണ്ടവരടക്കം ഇക്കൂട്ടത്തിലുണ്ട്. പത്തനംതിട്ടയിൽ നിന്ന് സർവീസുകൾ ആവശ്യപ്പെട്ട് യാത്രക്കാർ രംഗത്ത് വന്നെങ്കിലും മറ്റ് ഡിപ്പോകളിലെ ബസുകളെ ആശ്രയിച്ചാൽ മതിയെന്ന നിലപാടിലാണ് അധികൃതർ. വന്നുപോകുന്ന ബസുകളെല്ലാം ഫാസ്റ്റ് പാസഞ്ചറാണ്. ഓർഡിനറി ബസുകൾ വൈകിട്ട് നാലിന് ശേഷം സർവീസ് നടത്തുന്നില്ല. രാത്രിയിലും ഫാസ്റ്റ്, സൂപ്പർ ബസുകളാണ് സർവീസ് നടത്തുന്നതിലധികവും. കോന്നി, കൊല്ലം, ഭാഗത്തേക്കുള്ള സർവീസുകളുടെ സ്ഥിതിയും ഇതുതന്നെയാണ്. റാന്നിയിലേക്ക് വൈകിട്ട് സർവീസുകൾ ഒന്നും തന്നെയില്ല. ഗ്രാമീണ മേഖലയിൽ സർവീസ് നടത്തുന്ന ഗ്രാമ വണ്ടി പദ്ധതിയും നടപ്പായിട്ടില്ല. ജില്ലയിലെ ഗ്രാമീണ റോഡുകളിൽ സർവീസുകളൊന്നും നടക്കുന്നില്ല.

" പത്തനംതിട്ടയിൽ നിന്ന് ബസ് കയറി കോഴഞ്ചേരിയിൽ ഇറങ്ങി, അവിടെ നിന്ന് അടുത്ത ബസിന് വേണം പോകാൻ. എന്നാൽ കൃത്യ സമയത്ത് പത്തനംതിട്ടയിൽ നിന്ന് ബസ് കിട്ടാത്തതിനാൽ പലപ്പോഴും കോഴഞ്ചേരിയിൽ നിന്നുള്ള ബസ് കിട്ടാറില്ല. അധികം 10 കി.മീ സഞ്ചരിച്ചാണ് വീട്ടിലെത്തുക. ഓട്ടോറിക്ഷാകൂലി പ്രത്യേകിച്ച് രാത്രിയിൽ കൂടുതലാണ് ചോദിക്കുക. "

ജസ്റ്റിൻ മാത്യു

(സെയിൽസ് ജീവനക്കാരൻ)