 
പുല്ലാട് : നാടിന് കുടിവെള്ളം നൽകിയിരുന്ന കുറവൻകുഴി കുളം ഇന്ന് പായലും മാലിന്യവുമായി നശിക്കുകയാണ്. കുളം നവീകരിക്കണമെന്ന് പ്രദേശവാസികൾ നിരന്തരം ആവശ്യപ്പെട്ടിട്ടും ഇതൊന്നും കണ്ടമട്ടില്ല അധികൃതർക്ക്. കോയിപ്രം പഞ്ചായത്ത് നാലാം വാർഡിലാണ് കുറവൻകുഴി കുളം. കുളത്തിന് ചുറ്റും കാടും പടർപ്പും, കുളം നിറയെ പായലും, ഇതാണ് അവസ്ഥ. പതിനഞ്ച് അടി ആഴമുള്ള കുളത്തിൽ ആറടിയോളം വെള്ളമുണ്ട്. കുടിവെള്ള പ്രശ്നം അതിരൂക്ഷമായ പ്രദേശം കൂടിയാണിത്.
കുളത്തിൽ ആന്താലിമൺ കുടിവെള്ള പദ്ധതിയും
2015ൽ കുറവൻകുഴി കുളത്തിലാണ് ആന്താലിമൺ കുടിവെള്ള പദ്ധതിക്കായുള്ള കിണർ കുഴിച്ചത്. ഇവിടെ നിന്ന് വെള്ളം പമ്പുചെയ്ത് സമീപത്ത് സ്ഥാപിച്ചിരിക്കുന്ന ടാങ്കിൽ നിറച്ചാണ് പൈപ്പുലൈൻ വഴി പ്രദേശത്തുള്ളവർക്ക് കുടിവെള്ളമെത്തിക്കുന്നത്. മലിനമായതോടെ കുടിവെള്ളത്തിനായി നാട്ടുകാർ ഇപ്പോൾ കുളത്തിനെ ആശ്രയിക്കുന്നില്ല. കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് 40 ലക്ഷം രൂപയും ഗ്രാമപഞ്ചായത്ത് 10 ലക്ഷം രൂപയും മുടക്കിയാണ് ആന്താലിമൺ കുടിവെള്ള പദ്ധതി സ്ഥാപിച്ചത്.
നാട്ടുകാരുടെ ആവശ്യം
കുളം വൃത്തിയാക്കി അരികുകൾ കെട്ടി സംരക്ഷിക്കണം. റോഡിൽ നിന്നുള്ള വെള്ളം കുളത്തിലേക്ക് ഒഴുകിയിറങ്ങുന്നത് തടയണം. കുളത്തിൽ മാലിന്യം നിക്ഷേപിക്കരുത്.
അമൃത സരോവർ പദ്ധതിയിലും
ജലപ്രതിസന്ധി പരിഹരിക്കാൻ ഒരുജില്ലയിൽ 15 കുളങ്ങൾ വീതം ഇന്ത്യയിലൊട്ടാക 50,000 കുളങ്ങൾ ഒരുക്കുന്ന കേന്ദ്ര സർക്കാരിന്റെ അമൃത് സരോവർ പദ്ധതിയിൽ ഉൾപ്പെട്ട കുളമാണിത്. വിവിധ സർക്കാർ വകുപ്പുകളുടെ നേതൃത്വത്തിൽ ആണ് പദ്ധതി നടപ്പാക്കുന്നത്. നവീകരണവുമായി ബന്ധപ്പെട്ടുള്ള അധികൃതരുടെ തർക്കം കാരണം എസ്റ്റിമേറ്റ് അടക്കമുള്ള നടപടികൾ ഇതുവരെ പൂർത്തിയായിട്ടില്ല.
കുറവൻകുഴികുളം : 1 ഏക്കർ വിസ്തൃതി.
" കുളം നവീകരണത്തിന് നിരവധി തവണ പ്രദേശവാസികൾ അധികാരികൾക്ക് പരാതി നൽകിയിരുന്നു. കുടിവെള്ള ക്ഷാമമുള്ള സ്ഥലമാണിത്. ഇത്രയും ജല സമൃദ്ധമായ ഒരുകുളം ഉണ്ടായിട്ടും നടപടിയില്ലാത്തത് നാട്ടുകാരെ ബുദ്ധിമുട്ടിക്കുന്നു. "
ടി.ആർ.രഞ്ചിത്ത്, പ്രദേശവാസി