പത്തനംതിട്ട: കിടത്തിച്ചികിത്സയ്ക്ക് കെട്ടിടംകാത്ത് പത്തനംതിട്ട നഗരസഭ ആയുർവേദ ആശുപത്രി. അഴൂരിലെ ഉൾപ്രദേശത്താണെങ്കിലും ദിവസേന നൂറിലധികം ആളുകൾ ചികിത്സയ്ക്ക് എത്തുന്നുണ്ട്. കെട്ടിടത്തിന് മുകളിൽ ഒരു നില കൂടി പണിതാൽ കിടത്തിച്ചികിത്സയ്ക്കുളള സൗകര്യമാകും. പുതിയ കെട്ടിടം പണി പൂർത്തിയായെങ്കിലും ഉദ്ഘാടനം കഴിഞ്ഞില്ല. ഇവിടെ കിടത്തിച്ചികിത്സ തുടങ്ങാനിരുന്നതാണ്. എന്നാൽ, കുറഞ്ഞത് മുപ്പത് കിടക്കകളുള്ള സൗകര്യം വേണമെന്ന് ആരോഗ്യ വകുപ്പ് മാനദണ്ഡം പുതുക്കിയിട്ടുണ്ട്. പുതിയ കെട്ടിടത്തിന് മുകളിൽ ഒരു നില കൂടി പണിത് കിടത്തിച്ചികിത്സയടക്കം ആശുപത്രി വികസിപ്പിക്കണമെന്ന പദ്ധതി നിർദേശമുണ്ട്. ഇതിനുള്ള ഫണ്ട് നഗരസഭ അനുവദിക്കണം.

ആശുപത്രി പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ഒന്നാം നിലയിലും കിടത്തിച്ചികിത്സയ്ക്ക് സൗകര്യമുണ്ട്. ഇതുകൂടാതെ, രണ്ട് ഡോക്ടർമാരെയും സ്റ്റാഫ് നഴ്സിനെയും മരുന്ന് കുക്കിംഗ്, തിരുമ്മ് എന്നിവയ്ക്ക് ജീവനക്കാരെയും നിയമിക്കണം. പാർക്കിംഗ് സൗകര്യം ഉൾപ്പെടെ വിപുലമായ സൗകര്യങ്ങളോടെയാണ് ആയുർവേദ ആശുപത്രി പ്രവർത്തിക്കുന്നത്. ആഴൂർ പാലത്തിന് സമീപം ആറിന്റെ കരയിലെ റോഡിലൂടെയും വഞ്ചിമുക്ക് വഴിയും ആശുപത്രിയിലെത്താം. ആറ്റിൻകരയിലൂടെ ആശുപത്രിയിൽ എത്തുന്നതിന് ദിശാ ബോർഡില്ല. പാലത്തിന് സമീപം എത്തുന്നവർ ആശുപത്രിയിലേക്കുള്ള വഴി തേടി ബുദ്ധിമുട്ടാറുണ്ട്.

'' ആയുർവേദ ആശുപത്രിയിൽ കിടത്തിച്ചികിത്സയ്ക്ക് പുതിയ കെട്ടിടം പണിയാൻ പദ്ധതിയുണ്ട്. ഇൗ വർഷത്തെ ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ടി. സക്കീർ ഹുസൈൻ, നഗരസഭ ചെയർമാൻ.