അടൂർ : രണ്ട് വർഷവും ഏഴ് മാസവും പിന്നിട്ടിട്ടും അടൂർ ജനറൽ ആശുപത്രിയിലെ ട്രോമാ കെയർ പ്രവർത്തനം തുടങ്ങിയിട്ടില്ല. നിരവധി പ്രതിഷേധങ്ങളും പരാതികളും ആരോഗ്യ വകുപ്പിന്റെ മുന്നിലെത്തിെയെങ്കിലും ആശ്വാസ നടപടികളൊന്നുമുണ്ടായില്ല. 2021 മാർച്ചിൽ ആരോഗ്യമന്ത്രി വീണാജോർജ് ആശുപത്രിയിലെത്തിയപ്പോൾ രോഗികളും ജനപ്രതിനിധികളും പരാതികളുടെ കെട്ടഴിച്ചു. ഇപ്പോ ശരിയാക്കി തരാമെന്ന മന്ത്രിയുടെ ഉറപ്പിൽ ഒതുങ്ങി കാര്യങ്ങൾ.
5.85 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്.
ഓപ്പറേഷൻ തീയറ്റർ, ഐ.സി.യു , നിരീക്ഷണ വാർഡ്, ലാബ്, വെന്റിലേറ്റർ എന്നീസൗകര്യങ്ങളുണ്ട്. സി.ടി സ്കാനും ആംബുലൻസും അടക്കുള്ള സൗകര്യങ്ങൾ ട്രോമാ കെയർ സെന്ററിലേക്ക് വരുമെന്നായിരുന്നു വാഗ്ദാനം. കോടികൾ മുടക്കിയ ട്രോമാ കെയർ സംവിധാനം പ്രവർത്തിപ്പിക്കാത്തത് ഡോക്ടർമാരുടെയും ജീവനക്കാരുടെയും അഭാവം മൂലമാണെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. ഹൃദ്‌രോഗ വിദഗ്ദ്ധൻ , ന്യൂറോ സർജൻ എന്നീ തസ്തികയിൽ നിയമനം നടന്നിട്ടില്ല.
എം.സി റോഡും കെ.പി റോഡും കടന്നുപോകുന്ന അടൂരിലും പരിസര പ്രദേശങ്ങളിലുമായി ദിനംതോറും നിരവധി അപകടങ്ങളാണ് ഉണ്ടാകുന്നത്. കൊട്ടാരക്കരയ്ക്കും ചെങ്ങന്നൂരിനും ഇടയിലും കായംകുളത്തിനും പത്തനാപുരത്തിനും ഇടയിലുമുള്ള പ്രധാന സർക്കാർ ആശുപത്രി അടൂർ ജനറൽ ആശുപത്രി മാത്രമാണ്. വേണ്ടത്ര സംവിധാനങ്ങൾ ഇവിടെ ഒരുക്കിയിട്ടില്ലാത്തതിനാൽ ഗുരുതര അപകടം പറ്റി വരുന്നവരെ മെഡിക്കൽ കോളജുകളിലേക്ക് റഫർ ചെയ്യുകയാണ് പതിവ്. രോഗികൾ മതിയായ ചികിത്സ കിട്ടാതെ മരിക്കുന്നതും പതിവാണ്.
ഉദ്ഘാടനം കഴിഞ്ഞിട്ട് രണ്ടര വർഷം,
5.85 കോടിയുടെ പദ്ധതി