 
ചെങ്ങന്നൂർ: ശബരിമല തീർത്ഥാടന മുന്നൊരുക്കങ്ങളുടെ ഭാഗമായി ചെങ്ങന്നൂർ നഗരസഭാ പരിധിയിലെ ഹോട്ടലുകളിൽ നഗരസഭ ആരോഗ്യ വിഭാഗം മിന്നൽ പരിശോധന നടത്തി. ആറ് ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം കണ്ടെടുത്തു. മലബാർ, കുടവയറൻസ്, ഷാക്ക് ഐ.ബി.എ കഫേ, സ്‌മോക്കി ഷാക്ക്, പ്രിയ, എസ്.ബി. റെസ്റ്റോറന്റ് എന്നിവിടങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്. പത്തോളം ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്. മലബാർ, ഐ.ബി.എ. കഫേ എന്നിവിടങ്ങളിൽ നിന്ന് നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളും കണ്ടെടുത്തു. ഇവയ്ക്ക് നോട്ടീസ് നൽകി ശിക്ഷാ നടപടികൾ സ്വീകരിച്ചു. നഗരസഭ ഒന്നാം ഗ്രേഡ് ഹെൽത്ത് ഇൻസ്‌പെക്ടർ എസ്. പ്രദീപിന്റെ നേതൃത്വത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ബി. മോഹനകുമാർ, കെ.എസ്. ഐവി എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
നഗരസഭയ്ക്ക് പുറമേ നേരത്തെ ഭക്ഷ്യസുരക്ഷ വിഭാഗം ചെങ്ങന്നൂർ സർക്കിളിന്റെ നേതൃത്വത്തിലും ചെങ്ങന്നൂരിന്റെ വിവിധ മേഖലകളിൽ പരിശോധന നടത്തിയിരുന്നു. ഷവർമ്മ കഴിച്ചുണ്ടായ മരണത്തെ തുടർന്ന് പരിശോധനകൾ ശക്തമായിരുന്നെങ്കിലും പിന്നീട് അവ കാര്യക്ഷമമായി നടത്തിയില്ല. ഇതിനിടയിൽ രണ്ടാഴ്ച മുൻപ് പരിശോധനയ്ക്ക് സംഘമെത്തുന്ന വിവരം ബന്ധപ്പെട്ട വകുപ്പിലെ തന്നെ ചില ജീവനക്കാർ ഹോട്ടലുടമകളെ അറിയിച്ചു. താലൂക്ക് ആസ്ഥാനം, ആർ.ഡി.ഒ. ഓഫീസ് അടക്കമുള്ള സുപ്രധാന സർക്കാർ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന മേഖലയിലെ ഹോട്ടലുകൾക്ക് ഇത്തരത്തിൽ വിവരങ്ങൾ രഹസ്യമായി കൈമാറുന്നുണ്ട്. മിന്നൽ പരിശോധനകൾ മണ്ഡലകാലത്ത് നടത്തണമെന്ന് വിവിധ സംഘടനകൾ ആവശ്യപ്പെട്ടു.