pola
പോലെയും മാലിന്യങ്ങളും നിറഞ്ഞു നീരൊഴുക്ക് നിലച്ച പ്രധാന വാച്ചാൽ തോട്

തിരുവല്ല: നെൽവിത്ത് വിതയ്ക്കാൻ ഒരാഴ്ച ബാക്കി നിൽക്കെ തോട് തെളിച്ച് മുന്നൊരുക്കങ്ങൾ ചെയ്യാത്തതിൽ കർഷകർ ആശങ്കയിൽ. പെരിങ്ങര പഞ്ചായത്തിലെ കൃഷിഭവന് കീഴിലുള്ള പെരുന്തുരുത്തി തെക്ക് പാടശേഖരത്തിലെ കർഷകരാണ് ബുദ്ധിമുട്ടിലായത്. ഈ പാടശേഖരത്തിൽ ഇത്തവണ 110 ഏക്കറിൽ കൃഷിയിറക്കാനാണ് കർഷകരുടെ തീരുമാനം. എന്നാൽ ഇതിനാവശ്യമായ മുന്നൊരുക്കങ്ങൾ തുടങ്ങിയിട്ടില്ല. പകുതിയിലേറെ സ്ഥലം പാട്ടകൃഷിയാണ് ചെയ്യുന്നത്. ഇതിന്റെ പാട്ടക്കരാർ എടുത്തവരാണ് എൻജിന്റെ ജോലികളും ലേലം പിടിച്ചിരിക്കുന്നത്. പാട്ടക്കരാറിന് കൃഷി ചെയ്യുന്നവർ അവരുടെ കൃഷി സ്ഥലത്ത് മാത്രം രണ്ടാഴ്ചയിലേറെയായി മുന്നൊരുക്കങ്ങൾ നടത്തുന്നുണ്ട്. എന്നാൽ പാടശേഖരത്തിലെ മറ്റു ഭൂരിഭാഗം കർഷകർ കൃഷിചെയ്യുന്ന ബാക്കിയുള്ള സ്ഥലങ്ങൾ ഇപ്പോഴും വെള്ളംകയറിയും കാടുവളർന്നും കിടക്കുകയാണ്. നവംബർ ആദ്യവാരം വിത്ത് വിതയ്ക്കാനുള്ള തയ്യാറെടുപ്പിലാണ് കർഷകർ. എന്നാൽ വിത്ത് ഇറക്കണമെങ്കിൽ പാടശേഖരം വൃത്തിയാക്കണം. ഇതിനായി പാടത്തെ വെള്ളം വറ്റിക്കുകയാണ് പ്രധാനജോലി. പാടത്തുനിന്ന് വെള്ളം ഒഴുക്കി വിടേണ്ടതും മോട്ടോർതറ ഘടിപ്പിച്ചിട്ടുള്ളതുമായ പ്രധാന വാച്ചാൽ തോട് (പുല്ലുവേലി തോട്) നീരൊഴുക്ക് തടസ്സപ്പെട്ട നിലയിൽ മാലിന്യങ്ങൾ നിറഞ്ഞുകിടക്കുകയാണ്. ഇതിന്റെ പണികൾ നടക്കാത്തതിനാൽ മറ്റു ജോലികളും പൂർത്തിയാക്കാൻ കഴിയാത്ത സാഹചര്യമാണ്. സ്വന്തമായി കൃഷിഭൂമിയുള്ളവരെ ബുദ്ധിമുട്ടിച്ച് കൃഷിഭൂമി പാട്ടക്കൃഷിക്ക് തട്ടിയെടുക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും പ്രശ്നപരിഹാരത്തിന് കൃഷിവകുപ്പ് അധികൃതർക്ക് അടിയന്തര നടപടി സ്വീകരിക്കണമെന്നും കർഷകർ ആവശ്യപ്പെട്ടു.