സീതത്തോട് : ഗുരുനാഥൻമണ്ണിൽ നിന്ന് ചാരായവും കോടയും പിടികൂടി പ്രതിയുമായി മടങ്ങുകയായിരുന്ന എക്‌സൈസ് സംഘത്തെ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ സി.പി.എം നേതാക്കൾ തടഞ്ഞു. വ്യാജവാറ്റിന്റെ പേരിൽ നിരപരാധിയെയാണ് കസ്റ്റഡിയിലെടുത്തതെന്ന് സി.പി.എം നേതാക്കൾ ആരോപിച്ചു.
എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌പെഷൽ സ്‌ക്വാഡും എക്‌സൈസ് ഇന്റലിജൻസ് വിഭാഗവും സംയുക്തമായാണ് റെയ്ഡ് നടത്തിയത്. ഇന്നലെ സീതത്തോട് മുണ്ടൻപാറയിലായിരുന്നു സംഭവം.

പുലർച്ചെ പത്തനംതിട്ടയിൽ നിന്ന് എത്തിയ എക്സൈസ് സംഘം രാവിലെ ഗുരുനാഥൻമണ്ണ് ഭാഗത്ത് പരിശോധന നടത്തുകയും കിടങ്ങിൽ ഗോപിയുടെ വീട്ടിൽ നിന്ന് 760 ലിറ്റർ കോടയും 650 മില്ലിലിറ്റർ ചാരായവും കണ്ടെടുക്കുകയും ചെയ്തു. തുടർന്ന് ഗോപി യെ(56) അറസ്റ്റുചെയ്തു. മൂന്ന് ജീപ്പുകളിലായെത്തിയ സംഘം മടങ്ങുന്നതിനിടെ സീതത്തോട് മുണ്ടൻപാറയിലാണ് ഒരുസംഘം ആളുകൾ വാഹനം തടഞ്ഞത്.
ഗോപിയെ കേസിൽ പ്രതി ചേർക്കരുതെന്ന് അവർ ആവശ്യപ്പെട്ടു ചിറ്റാർ പോലീസ് സ്ഥലത്തെത്തിയ ശേഷമാണ് എക്‌സൈസ് സംഘത്തെ വിട്ടയച്ചത്. ഗോപിയെ പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കഴിഞ്ഞ വർഷം നവംബറിൽ ഗുരുനാഥൻമണ്ണ് ഭാഗത്ത് റെയ്ഡിനെത്തിയ എക്‌സൈസ് സംഘത്തിനു നേരെ ആക്രമണം ഉണ്ടായിരുന്നു. അന്നു കേസിലെ പ്രധാന പ്രതി ഇന്നലെ അറസ്റ്റിലായ ഗോപിയുടെ മകൻ ഷിബുവായിരുന്നു. ഇൗ സംഭവത്തിൽ ആരെയും അറസ്റ്റു ചെയ്തിട്ടില്ല.