
പന്തളം: ക്ഷേത്രം ഭംഗിയും വെടിപ്പുമുള്ളതാകണം, അതിനുവേണ്ട എല്ലാ കാര്യങ്ങളും ദേവസ്വംബോർഡ് ചെയ്യും, പണം ഒരു തടസമാകുകയില്ല. ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപൻ പറഞ്ഞു. പന്തളത്ത് തീർത്ഥാടന മുന്നൊരുക്കങ്ങൾ വിലയിരുത്താനെത്തിയതായിരുന്നു അദ്ദേഹം. 27ന് പുനരുദ്ധാരണപ്പണികൾ ആരംഭിക്കും.
ശൗചാലയങ്ങൾ ഉപയോഗയോഗ്യമാക്കുക, അന്നദാന ഹാളിൽ താത്ക്കാലിക വൈദ്യുതി, ഫാൻ, ഹാളിന് താഴെ ചെറിയ വാഹനങ്ങൾ നിറുത്തിയിടുവാനുള്ള സൗകര്യം, കുളിക്കടവ് നവീകരണം, ക്ഷേത്രത്തിന്റെ പുരുദ്ധാരണം, അറ്റകുറ്റപ്പണികൾ എന്നിവ അടിയന്തരമായി ചെയ്യും. മുൻകാലത്തേക്കാൾ ഒരുപടി മുന്നിലാകും ഇക്കൊല്ലത്തെ തീർത്ഥാടക സൗകര്യമെന്ന് പ്രസിഡന്റ് പറഞ്ഞു. കൈപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപം ശൗചാലയം പണിയുവാനുള്ള അനുമതിയും അദ്ദേഹം നൽകി.
നഗരസഭയാണ് പാർക്കിംഗ് മൈതാനത്തെ കുഴികൾ നികത്തി വൃത്തിയാക്കുക. കുളിക്കടവിനോടുചേർന്ന് രണ്ട് ശൗചാലയവും ക്ലോക്ക് മുറികളും നഗരസഭ പണിതുനൽകും. ഭജന മന്ദിരത്തിൽ വൈദ്യുതി എത്തിക്കുന്നതിനുള്ള അനുമതിക്കായി കോടതിയെ സമീപിച്ചിട്ടുണ്ട്. ഇത് ലഭിക്കുന്ന മുറയ്ക്ക് സ്ഥിരസംവിധാനവും അതുവരെ താത്ക്കാലിക സംവിധാനവും ഒരുക്കും. അടുക്കളയിലെ സൗകര്യം, സ്ഥിരം വൈദ്യുതി എന്നിവ ശരിയായാൽ പുതിയ കെട്ടിടത്തിലേക്ക് അന്നദാനം മാറ്റുന്നകാര്യം ആലോചിക്കും. അതുവരെ പഴയ അന്നദാന മണ്ഡപത്തിലാകും അന്നദാനം നടത്തുന്നത്.
പന്തളം കൊട്ടാരം നിർവാഹകസംഘം പ്രസിഡന്റ് പി.ജി.ശശികുമാർവർമ, സെക്രട്ടറി പി.എൻ.നാരായണ വർമ, ട്രഷറർ ദീപാവർമ, നഗരസഭാ കൗൺസിലർമാരായ പി.കെ.പുഷ്പലത, ബെന്നിമാത്യു, രശ്മി രാജീവ്, ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ബി.വിനോദ്കുമാർ, എ.ഇ പ്രേം ജെ.ലാൽ, വലിയകോയിക്കൽ ക്ഷേത്രം ഉപദേശകസമിതി പ്രസിഡന്റ് ജി.പൃഥ്വിപാൽ, കമ്മിറ്റിയംഗങ്ങളായ ബൈജു മുകടിയിൽ, സന്തോഷ്, രാജ്കുമാർ, കൈപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം ഉപദേശകസമിതി പ്രസിഡന്റ് മനോജ് നന്ദാവനം, സെക്രട്ടറി കെ.വി.സന്തോഷ്‌കുമാർ, തിരുവാഭരണപാത സംരക്ഷണ സമിതി ജനറൽ കൺവീനർ പ്രസാദ് കുഴികാല തുടങ്ങിയവർ പങ്കെടുത്തു.
ജലശുദ്ധീകരണ യന്ത്രം ഉദ്ഘാടനം ചെയ്തു
വലിയകോയിക്കൽ ക്ഷേത്രത്തിന് സമീപം സ്ഥാപിച്ച ജലശുദ്ധീകരണ യന്ത്രം ദേവസ്വംബോർഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപൻ ഉദ്ഘാടനം ചെയ്തു. ദുബായ് കേന്ദ്രമായി പ്രവർത്തിക്കുന്ന ആർ.കെ.ഗ്രൂപ്പാണ് പമ്പ, സന്നിധാനം, എരുമേലി, പന്തളം, റാന്നി സത്രവേദി എന്നിവിടങ്ങളിൽ ജലശുദ്ധീകരണ യന്ത്രം സ്ഥാപിക്കുന്നത്. ഗ്രൂപ്പിന്റെ പങ്കാളി തന്ത്രി ശരൺ മോഹനും പങ്കെടുത്തു.