1
പുറമറ്റം പഞ്ചായത്തിലെ ഗവൺമെന്റ് ആയുർവേദ ഡിസ്പെൻസറിക്കായി നിർമ്മാണം പൂർത്തിയാകുന്ന പുതിയ കെട്ടിടം

മല്ലപ്പള്ളി : പുറമറ്റം പഞ്ചായത്തിലെ പുതിയ ആയുർവേദ ഡിസ്പെൻസറി കെട്ടിടത്തിന്റെ നിർമ്മാണം അവസാനഘട്ടത്തിൽ. ഭിത്തികളുടെയും മേൽക്കൂരയുടെയും നിർമ്മാണം പൂർത്തിയായി. വയറിങ്ങും,പെയിന്റിങ്ങും, പ്ലമ്പിങ്ങുമാണ് അവശേഷിക്കുന്നത്. ഒരു നിലയിലുള്ള കെട്ടിടത്തിന്റെ നിർമ്മാണം 2021 ഫെബ്രുവരിയിലാണ് തുടങ്ങിയത്. എം.എൽ.എ യുടെ പ്രാദേശിക ഫണ്ടിൽ നിന്ന് 35 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമ്മാണം. പരിശോധനാമുറി, ചികിത്സാമുറി, ഫാർമസി ,സ്റ്റോർ റൂം, അടുക്കള, മൂന്ന് ടോയിലറ്റുകൾ ഉൾപ്പെടെ 150 ചതുരശ്ര വിസ്തീർണ്ണമുള്ള കെട്ടിടമാണ് പൂർത്തിയാകുന്നത്. 1980ൽ നിർമ്മിച്ച ഓടുമേഞ്ഞ പഴയ കെട്ടിടത്തിലാണ് ഡിസ്പെൻസറിയുടെ ഇപ്പോഴത്തെ പ്രവർത്തനം. കെട്ടിടത്തിന്റെ ഭിത്തികളും മേൽക്കൂരയുടെ കഴുക്കോലും, പട്ടികയും ജീർണാവസ്ഥയിലാണ്.