ചെങ്ങന്നൂർ: ശബരിമല തീർത്ഥാടന മുന്നൊരുക്കങ്ങളുടെ ഭാഗമായി ചെങ്ങന്നൂർ നഗരസഭാ പരിധിയിലെ ഹോട്ടലുകളിൽ നഗരസഭ ആരോഗ്യ വിഭാഗം മിന്നൽ പരിശോധന നടത്തി. ആറ് ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം കണ്ടെടുത്തു. മലബാർ, കുടവയറൻസ്, ഷാക്ക് ഐ.ബി.എ കഫേ, സ്‌മോക്കി ഷാക്ക്, പ്രിയ, എസ്.ബി. റെസ്റ്റോറന്റ് എന്നിവിടങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്. പത്തോളം ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്. മലബാർ, ഐ.ബി.എ കഫേ എന്നിവിടങ്ങളിൽ നിന്ന് നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളും കണ്ടെടുത്തു. ഇവയ്ക്ക് നോട്ടീസ് നൽകി ശിക്ഷാ നടപടികൾ സ്വീകരിച്ചു. നഗരസഭ ഒന്നാം ഗ്രേഡ് ഹെൽത്ത് ഇൻസ്‌പെക്ടർ എസ്.പ്രദീപിന്റെ നേതൃത്വത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ബി.മോഹനകുമാർ, കെ.എസ്.ഐവി എന്നിവർ പരിശോധനയിൽ പങ്കെടുത്തു. ഭക്ഷ്യസുരക്ഷ വിഭാഗം ചെങ്ങന്നൂർ സർക്കിളിന്റെ നേതൃത്വത്തിലും ചെങ്ങന്നൂരിന്റെ വിവിധ മേഖലകളിൽ പരിശോധന നടത്തിയിരുന്നു.