1
മൂന്ന് പേരുടെ മരണപ്പെട്ട് മൂന്ന് മാസങ്ങൾ പിന്നിട്ടിട്ടും പുറമറ്റം കല്ലുപാലത്തെ തോടിന് സമീപം സുരക്ഷ ഒരുക്കാത്ത നിലയിൽ

മല്ലപ്പള്ളി : പുറമറ്റം കല്ലുപാലത്തിന് സമീപം മൂന്ന് ജീവനുകൾ പൊലിഞ്ഞിട്ട് മൂന്ന് മാസങ്ങൾ പിന്നിട്ടിട്ടും സുരക്ഷയൊരുക്കാൻ അധികൃതർ തയാറാകാത്തത് അപകടഭീതി ഉയർത്തുന്നു. കുമളി ചക്കുപള്ളം സ്വദേശി പാസ്റ്റർ വി.എം.ചാണ്ടിയും രണ്ടു മക്കളും തോട്ടിലേക്ക് വീണ് മരിച്ചിട്ട് മൂന്ന് മാസം പിന്നിടുമ്പോൾ അധികൃതർ അനങ്ങാപ്പാറനയം തുടരുകയാണ്. 50 മീറ്ററിൽ അധികം ദൂരം റോഡിന് സമാന്തരമാണ് 12 അടിയിലേറെ താഴ്ചയിൽ തോട് ഒഴുകുന്നത്. ഇരവിപേരൂർ - പുറമറ്റം - വെണ്ണിക്കുളം - റാന്നി റോഡിൽ കല്ലുപാലത്തെ എസ് ആകൃതിയിലുള്ള കൊടുംവളവിൽ സമീപത്തായി അടുത്തടുത്തുള്ള വളവിലും ഏതു നിമിഷവും അപകടമുണ്ടാകാനുള്ള സാദ്ധ്യത ഉണ്ടായിട്ടും അധികൃതരുടെ ഭാഗത്തു നിന്നും യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ല. മൂന്ന് പേർ മരിച്ച സ്ഥലത്ത് റിബൺ വലിച്ചു കെട്ടിയിരുന്നതായിരുന്നു ആകെ ചെയ്ത പ്രവർത്തി. മാസങ്ങൾ കഴിഞ്ഞതോടെ റിബണും അപ്രത്യക്ഷമായി. അപകടം നടന്നതോടെ ഇവിടെയുണ്ടായിരുന്ന തട്ടുകടയും നീക്കം ചെയ്തിരുന്നു. ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടിയുണ്ടായ കുഴികൾ പൂർണമായും നികത്തി ടാറിംഗ് നടത്താത്തതും ഇവിടെ അപകടങ്ങൾക്ക് വഴിയൊരുക്കാൻ സാദ്ധ്യത ഏറെയാണ്. കവുങ്ങുംപ്രയാർ മുതൽ പുറമറ്റം കവലയ്ക്ക് സമീപത്തു വരെ ഇത്തരത്തിലുള്ള അപകടകെണികളുണ്ട്.

ശ്രദ്ധതിരിഞ്ഞാൽ വാഹനങ്ങൾ തോട്ടിൽ

ടാറിംഗിനോട് ചേർന്ന് ഇന്റെർ ലോക്ക് കട്ടകൾ നിരത്തിയിട്ടുള്ളതിനാൽ റോഡിന് ഓരം ചേർന്ന് വാഹനങ്ങൾ പോകുന്നത് പതിവാണ്. ശ്രദ്ധ തെറ്റിയാൽ വാഹനങ്ങൾ തോട്ടിൽ പതിച്ച് വീണ്ടുമൊരു ദുരന്തത്തിനു വഴിതെളിക്കാം. രണ്ടുവർഷങ്ങൾക്ക് മുമ്പ് റോഡ് ഉന്നത നിലവാരത്തിലാക്കിയെങ്കിലും വേണ്ടത്ര സുരക്ഷ സംവിധാനങ്ങൾ ഒരുക്കുന്നതിന് കഴിഞ്ഞിട്ടില്ലെന്ന അക്ഷേപത്തിലാണ് നാട്ടുകാരും യാത്രക്കാരും.

.................................

തോട് 12 അടി താഴ്ചയിൽ

വീണ്ടും അപകടത്തിന് സാദ്ധ്യത