pta

പത്തനംതിട്ട : അയൽ ജില്ലകളിൽ റേഷൻ കരിഞ്ചന്ത കയ്യോടെ പിടികൂടുമ്പോൾ നമ്മുടെ ജില്ലയിലെ സ്ഥിതിയെന്താണ് ?. നടപടിയെടുക്കാൻ ഒരു പരാതി പോലും കിട്ടുന്നില്ലെന്ന് സിവിൽ സപ്ളൈസ് അധികൃതർ പറയുന്നു. ആലപ്പുഴയിലും കൊല്ലത്തും റേഷൻ കടകളിലെ അരിയും ഗോതമ്പും കരിഞ്ചന്തകളിൽ നിന്ന് പിടിച്ചെടുത്തിരുന്നു. വ്യാജ റേഷൻ കാർഡുകളും കണ്ടെത്തി. ഒരു വർഷത്തിനിടെ ആലപ്പുഴ ജില്ലയിൽ അൻപതിനായിരം കിലോ റേഷനരി കരിഞ്ചന്തയിൽ നിന്ന് പിടിച്ചെടുക്കുകയുണ്ടായി. പത്തനംതിട്ട ജില്ലയിൽ കഴിഞ്ഞ അഞ്ച് വർഷത്തെ സ്ഥിതി പരിശോധിച്ചാൽ റേഷനരി കരിഞ്ചന്തയിൽ നിന്ന് പിടിച്ചെടുത്ത ഒരു കേസുപോലുമില്ലെന്ന് ജില്ലാ സിവിൽ സപ്ളൈ അധികൃതർ വ്യക്തമാക്കി. ആലപ്പുഴയോട് ചേർന്ന തിരുവല്ല താലൂക്കിൽ ഗോതമ്പ് കടത്തുന്നുവെന്ന് പരാതി ഉയർന്നത് അഞ്ച് വർഷത്തിനു മുൻപാണ്. പരിശോധനയിൽ പരാതി വ്യാജമാണെന്ന് കണ്ടെത്തി. താറാവ് കർഷകർക്ക് അരിയും ഗോതമ്പും മറിച്ചുവിൽക്കുന്നുവെന്ന പരാതിയിൽ താലൂക്കിലെ റേഷൻകട‌കൾ ഏറെക്കാലം നിരീക്ഷണത്തിലായിരുന്നു. സ്ക്വാഡുകൾ രാപ്പകൽ അദ്ധ്വാനിച്ചിട്ടും ഒരു കേസുപോലും കണ്ടെത്തിയില്ല.

അടൂർ താലൂക്കിലെ പറക്കോട് കരിഞ്ചന്ത വിൽപ്പനയുണ്ടെന്ന പരാതിയിൽ വ്യാപക റെയ്ഡ് നടത്തിയിട്ടും തെളിവുകൾ ലഭിച്ചില്ല.

ജില്ലയിൽ റേഷൻസാധനങ്ങൾ കിട്ടുന്നില്ലെന്നോ അളവിൽ കുറഞ്ഞെന്നോ കഴിഞ്ഞ ഒരുവർഷത്തിനുള്ളിൽ പരാതികളൊന്നുമില്ല. രണ്ടു മാസത്തേക്കുള്ള സ്റ്റോക്കാണ് റേഷൻ കടകളിലുള്ളത്. ഇ പോസ് മെഷീൻ ഉപയോഗിച്ച് തുടങ്ങിയതോടെ കരിഞ്ചന്ത വിൽപ്പനയ്ക്ക് സാദ്ധ്യത പൂർണമായും അടഞ്ഞുവെന്നാണ് സിവിൽ സപ്ളൈസ് അധികൃതർ പറയുന്നത്. ഒരു കാർഡുടമ ഒരു മാസത്തെ സാധനങ്ങൾ വാങ്ങിയില്ലെങ്കിൽ മാസാവസാന ദിവസം അത് റദ്ദാക്കപ്പെടും.സാധനങ്ങൾ അടുത്ത മാസത്തെ ക്വാട്ടയിലേക്ക് ഉൾക്കൊള്ളിക്കുകയാണ് ചെയ്യുന്നത്.

ജില്ലയിൽ

റേഷൻ കടകൾ : 816

കാർഡുടമകൾ : 3,42,000

'' പത്തനംതിട്ട പൊതുവെ പരാതി രഹിത ജില്ലയാണ്. ഒരു പരാതിയെങ്കിലും ലഭിച്ചാൽ കർശന പരിശോധനയ്ക്കും നടപടിക്കും ഉദ്യോഗസ്ഥർ സജ്ജരാണ്.

എം.അനിൽ, ജില്ലാ സപ്ളൈ ഒാഫീസർ.

'' റേഷൻ സാധനങ്ങൾ കരിഞ്ചന്തയിൽ വിൽക്കേണ്ട സാഹചര്യം ആർക്കുമില്ല. കൃത്യമായ വരുമാനവും കമ്മിഷനും കടയുടമകൾക്ക് ലഭിക്കുന്നുണ്ട്.

എം.ബി .സത്യൻ, റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ്.