പത്തനംതിട്ട: ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് ബംഗളൂരുവിൽ നിന്ന് ഇതാദ്യമായി സ്‌പെഷൽ ട്രെയിൻ ഓടിക്കുമെന്ന് റെയിൽവേ പാസഞ്ചേഴ്‌സ് അമിനിറ്റി കമ്മിറ്റി ചെയർമാൻ പി.കെ. കൃഷ്ണദാസ് പറഞ്ഞു.
തീർത്ഥാടകരുടെ തിരക്ക് ഇക്കൊല്ലം വർദ്ധിക്കാനുള്ള സാദ്ധ്യത കണക്കിലെടുത്ത് കൂടുതൽ സ്‌പെഷൽ ട്രെയിനുകൾ പരിഗണനയിലുണ്ട്. ഹൈദരബാദ്, സെക്കന്തരാബാദ്, കച്ചിഗുഡ, ചെന്നൈ സ്‌പെഷൽ ട്രെയിനുകളാണ് ഓടിക്കുന്നത്. ചെന്നൈ സ്‌പെഷൽ അഴ്ചയിൽ മൂന്നുദിവസം ഉണ്ടാകും.
സ്‌പെഷൽ ട്രെയിനുകൾ കൊല്ലത്ത് അവസാനിപ്പിക്കണമോ തിരുവനന്തപുരം വരെ ഉണ്ടാകുമോയെന്നതു സംബന്ധിച്ച് ആലോചന നടക്കുകയാണ്. ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് കോട്ടയം, ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനുകളിൽ മെച്ചപ്പെട്ട സൗകര്യങ്ങൾ റെയിൽവേ ക്രമീകരിക്കുന്നുണ്ട്. പമ്പയിലെ റിസർവേഷൻ കേന്ദ്രം പുനഃസ്ഥാപിക്കാൻ റെയിൽവേ തയാറാണ്. എന്നാൽ കെട്ടിടം ഒഴിഞ്ഞുകൊടുക്കണമെന്ന ആവശ്യം ദേവസ്വം ബോർഡ് ഉയർത്തിയിരിക്കുകയാണ്. തീവണ്ടിയിലെത്തുന്ന തീർത്ഥാടകർക്ക് ഏറെ പ്രയോജനപ്പെടുന്നതാണ് പമ്പയിലെ റിസർവേഷൻ കേന്ദ്രമെന്നും കൃഷ്ണദാസ് പറഞ്ഞു.