ചെങ്ങന്നൂർ: നിർദ്ദിഷ്ട അന്ധവിശ്വാസ നിർമ്മാർജന ബില്ലിന്റെ പരിധിയിൽ നിന്ന് വാസ്തുവിദ്യയെയും പൂജാക്രമങ്ങളെയും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് അഖില കേരള വിശ്വകർമ്മ മഹാസഭ മുഖ്യമന്ത്രിക്കു നിവേദനം നൽകിയതായി സംസ്ഥാന പ്രസിഡന്റ് പി.ആർ ദേവദാസ് അറിയിച്ചു. ഭാരതത്തിന്റെ തനതായ നിർമ്മാണ സംസ്‌കാരമാണ് ഭാരതീയ വാസ്തുവിദ്യ. സംസ്‌കൃതിയുടെ നെടുംതൂണുകളായി എണ്ണപ്പെടുന്നവയെല്ലാം വാസ്തു ശാസ്ത്ര നിർമ്മിതികളാണ്. രൂപകൽപന, സ്ഥാനനിർണയം എന്നിവയുമായി ബന്ധപ്പെട്ട് സാത്വിക പൂജകളാണ് പാരമ്പര്യമായി അവലംബിച്ചു വരുന്നത്. വാസ്തു വിദ്യാചടങ്ങുകൾ അന്ധവിശ്വാസത്തിന്റെ പട്ടികയിൽ ഉൾപ്പെടുത്തി, വിശ്വാസം അന്ധവിശ്വാസമെന്നു പ്രചരിപ്പിക്കുന്ന കപടപുരോഗമനക്കാരുടെ നീക്കം തടയണമെന്നും ആവശ്യപ്പെട്ടു.