പത്തനംതിട്ട: പതിനാലരക്കോടി രൂപ ചെലവിട്ട് പമ്പയിൽ നിന്ന് സന്നിധാനത്തേക്കുള്ള പരമ്പരാഗത കാനനപാതയിൽ കരിങ്കല്ലു വിരിക്കുന്നതിൽ അഴിമതിയുണ്ടെന്ന് ബി.ജെ.പി ദേശീയ സമിതിയംഗം പി.കെ കൃഷ്ണദാസ് ആരോപിച്ചു. പാകുന്ന കല്ലിന് ആറര ഇഞ്ച് കനം വേണമെന്നാണ് വ്യവസ്ഥ. എന്നാൽ, ഉപയോഗിച്ചിട്ടുള്ള തൊണ്ണൂറ് ശതമാനം കരിങ്കൽ പാളികൾക്കും ഒന്നര മുതൽ രണ്ടര ഇഞ്ചുവരെ കനമേയുള്ളൂ. ഇതിലൂടെ കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് നടന്നിട്ടുള്ളത്. ശബരിമലയ്ക്കു വേണ്ടി കേന്ദ്രസർക്കാർ അനുവദിച്ച കോടികളുടെ ഫണ്ട് അഴിമതിയിലൂടെ കീശയിലാക്കാനാണ് ദേവസ്വം അധികൃതരും ഉദ്യോഗസ്ഥരും ശ്രമിക്കുന്നത്. പരമ്പരാഗത പാതയിലൂടെ ശബരിമലയിലേക്കുള്ള യാത്ര ദുഷ്‌കരമായി മാറും. കരിങ്കൽപാതയിൽ ഭക്തർക്ക് പകൽസമയത്ത് ചൂടുകൊണ്ട് നഗ്‌നപാദരായി നടക്കാനാവില്ല. പാതയിൽ തണലേകുവാനുള്ള സംവിധാനം ഒരുക്കിയിട്ടില്ല.
പമ്പയിൽ ആവശ്യമായ ടോയ്‌ലറ്റുകൾ ഇല്ല. ശുദ്ധജലവിതരണ പദ്ധതി പൂർത്തീകരിക്കാത്തതുകൊണ്ട് ഇക്കൊല്ലം നിലയ്ക്കലിൽ എത്തുന്ന ഭക്തർക്ക് കുടിവെള്ളം കൊടുക്കാൻ സാദ്ധ്യമല്ല. നിലയ്ക്കലിലേക്ക് പോവുകയും വരുകയും ചെയ്യുന്ന റോഡുകൾ ഗതാഗതയോഗ്യമല്ല. നിലയ്ക്കലിൽ ഭക്തർക്ക് വിരിവയ്ക്കുന്നതിനുള്ള സ്ഥലം കാലിത്തൊഴുത്തിനേക്കാൾ മോശമായ നിലയിലാണ്. നിലയ്ക്കലിൽ ഭക്തരുടെ വാഹനങ്ങൾ പാർക്കുചെയ്യണമെന്ന് നിഷ്‌കർഷിക്കുന്നു. കാർ മുതൽ ബസുവരെയുള്ള വാഹനങ്ങൾ പാർക്കു ചെയ്യുന്നതിന് 50രൂപമുതൽ 150 രൂപവരെ കൊടുക്കണം. ശബരിമല സന്നിധാനത്ത് ഇപ്പോൾ ഭക്തർക്ക് താമസിക്കാനായി നൽകുന്ന കെട്ടിടങ്ങളിൽ അറുപതുശതമാനവും ഉപയോഗശൂന്യമാണെന്ന് പി.കെ കൃഷ്ണദാസ് ആരോപിച്ചു.