ചെങ്ങന്നൂർ: അനർഹമായി മുൻഗണനാ വിഭാഗത്തിലുളള റേഷൻ കാർഡുകൾ കൈവശം വച്ചിരിക്കുന്നവരെ കണ്ടെത്താൻ ഓപ്പറേഷൻ യെല്ലോ പരിശോധനയുമായി സിവിൽ സപ്ലൈസ് വകുപ്പ്. ചെങ്ങന്നൂർ താലൂക്കിൽ 11 പേരാണ് ഇതുവരെയുളള പരിശോധനയിൽ കുടുങ്ങിയത്. പിടിവീഴുന്നവർ പിഴ ഒടുക്കുന്നതിനൊപ്പം ഇതുവരെ കൈപ്പറ്റിയ റേഷൻ സാധനങ്ങളുടെ വിലയും തിരികെ നൽകേണ്ടിവരും. പരിശോധനയിൽ 2 ലക്ഷത്തിലധികം രൂപയാണ് പിടിക്കപ്പെട്ടവർക്ക് സിവിൽ സപ്ലൈസ് വകുപ്പ് പിഴ ഇട്ടിരിക്കുന്നത്. സർക്കാർ ജീവനക്കാരും ആഡംബര വാഹനങ്ങളുടെ ഉടമകളും അനർഹമായി ബി.പി.എൽ പട്ടികയിൽ കടന്ന് കൂടിയിട്ടുണ്ടെന്ന് നേരത്തെതന്നെ കണ്ടെത്തിയിരുന്നു. ഇത്തരക്കാർ കാർഡ് തിരികെ എത്തിച്ച് പൊതുവിഭാഗത്തിലേക്ക് മാറാൻ സിവിൽ സപ്ലൈസ് വകുപ്പ് സമയം അനുവദിച്ചിരുന്നു. അവസരം ലഭിച്ചിട്ടും കാർഡ് മാറ്റാൻ തയാറാകാത്തവരെ കണ്ടെത്തിയാണ് ഇപ്പോൾ പിഴ ഇടുന്നത്. അനർഹമായി മുൻഗണനാ റേഷൻ കാർഡ് കൈവശംവച്ചിരിക്കുന്നവരുണ്ടെങ്കിൽ പൊതുജനങ്ങൾക്ക് ഉദ്യോഗസ്ഥരെ വിവരം അറിയിക്കാം. ഇതിനായി 9188527301 എന്ന നമ്പറിലാണ് ബന്ധപ്പെടേണ്ടത്.