
പള്ളിക്കൽ : ആറാട്ടുചിറ കുടിവെള്ള പദ്ധതിക്ക് 20 ലക്ഷം മുടക്കിയിട്ടും പള്ളിക്കൽ പഞ്ചായത്ത് രണ്ടാംവാർഡിൽ കുടിവെള്ളമെത്തിയില്ല.
പഞ്ചായത്തിലെ 1, 2, 3, 23, വാർഡുകളിലെ പ്രധാനമായും പട്ടികജാതി കോളനികൾ കേന്ദ്രീകരിച്ചുള്ള കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായിട്ടാണ് ആറാട്ടുചിറ കുടിവെള്ള പദ്ധതി നടപ്പിലാക്കിയത്. പന്ത്രണ്ട് വർഷം മുൻപാണ് പദ്ധതി അനുവദിച്ചത്. 80 ലക്ഷം രൂപയായിരുന്നു പദ്ധതി ചെലവ്. ടാങ്ക് സ്ഥാപിക്കാൻ സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട കാലതാമസം പദ്ധതി നീണ്ടുപോകാൻ കാരണമായി. പദ്ധതി കമ്മിഷൻ ചെയ്തത് 2022 ലാണ്. അപ്പോഴേക്കും 80 ലക്ഷം രൂപയിൽ ചെലവ് ഒതുങ്ങിയില്ല.
മേക്കുന്നുമുകൾ രണ്ടാംവാർഡിൽ വെള്ളം എത്തിക്കാൻ പണം തികയാതെ വന്നു. കുടിവെള്ളക്ഷാമം രൂക്ഷമായ സ്ഥലമാണ് പ്രിയദർശിനി കോളനി ഉൾപ്പടെയുള്ള പ്രദേശങ്ങൾ. രണ്ടാം വാർഡിൽ വെള്ളം എത്തിക്കാതെ മറ്റ് വാർഡുകളിലേക്ക് പദ്ധതി കമ്മിഷൻ ചെയ്യുന്നതിൽ വൻ എതിർപ്പാണ് ഉയർന്നത്. ഒടുവിൽ വാർഡ് മെമ്പർ സുപ്രഭ ഇടപെട്ട് ജില്ലാപഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ ഫണ്ടിൽ നിന്ന് ഇരുപത് ലക്ഷം രൂപ അനുവദിപ്പിച്ച് രണ്ടാം വാർഡിൽ പൈപ്പിടുന്നതിനുള്ള നടപടി സ്വീകരിച്ചു. എന്നാൽ രണ്ട് കിലോമീറ്റർ അകലെയുള്ള ടാങ്കിൽ നിന്ന് വെള്ളം എത്തിക്കണമെങ്കിൽ പൈപ്പ് ലൈൻ നീട്ടണം. ഇതിനുള്ള ഫണ്ടില്ലാത്തതിനാൽ ഈ പണി നടന്നില്ല. ഫലത്തിൽ രണ്ടാംവാർഡിൽ വെള്ളം ലഭിക്കാതെയായി. ആനയടി കൂടൽ റോഡ് നിർമ്മാണത്തെ തുടർന്ന് പൈപ്പ് ലൈൻ പൊട്ടിയതിനാൽ 5 വർഷമായി വാട്ടർ അതോറിറ്റിയുടെ കുടിവെള്ളം മുടങ്ങിയിരിക്കുകയാണ്. ഇനിയും ആറുമാസം കൂടി കാത്തിരിക്കണമെന്നാണ് വാട്ടർ അതോറിറ്റി അധികൃതർ പറയുന്നത്.
ആറാട്ടുചിറ കുടിവെള്ള പദ്ധതി എല്ലാവർക്കും പ്രയോജനപ്പെടുന്ന തരത്തിൽ നടപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ആറാട്ടുചിറ കുടിവെള്ള പദ്ധതിയിൽ നിന്നുതന്നെ പ്രിയദർശിനി കോളനിയിൽ കുടിവെള്ളമെത്തിക്കും. ജില്ലാ പഞ്ചായത്തിൽ നിന്ന് 20 ലക്ഷം അനുവദിച്ചത് കൂടാതെ 20 ലക്ഷം രൂപ കൂടി അനുവദിച്ച് ടെൻഡർ നടപടിയായിട്ടുണ്ട്.
- സുപ്രഭ (രണ്ടാം വാർഡ് മെമ്പർ)