തിരുവല്ല: ഇന്ത്യൻ വംശജൻ ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ഭരണസാരഥ്യമേറ്റത് ഭാരതത്തിന് അഭിമാനമാണെന്ന് മാർത്തോമ്മാ സഭ ആശംസാ സന്ദേശത്തിൽ അറിയിച്ചു. ഇന്ത്യൻ പാരമ്പര്യമുള്ള ഒരാൾ ബ്രിട്ടന്റെ ഭരണാധികാരിയായി ഉയർത്തപ്പെട്ടത്, മുമ്പ് ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ കോളനിയായിരുന്ന ഇന്ത്യയ്ക്ക് അഭിമാനകരവും ചരിത്രനേട്ടവും ബ്രിട്ടീഷ് സമൂഹത്തിന്റെ ബഹുസ്വരതയുടെ അടയാളവുമാണ്. കൊവിഡിനു ശേഷം റഷ്യ-യുക്രൈൻ യുദ്ധവും സാമ്പത്തിക വെല്ലുവിളികളും നേരിടുന്ന പശ്ചാത്തലത്തിലാണ് സുനക് നേതൃസ്ഥാനത്ത് എത്തുന്നത്. ഏറെ പ്രതിസന്ധികൾ അഭിമുഖീകരിക്കുന്ന ഈ അവസ്ഥയിൽ ഋഷി സുനകിന്റെ ഭരണം ഐക്യത്തിനും സാമ്പത്തിക സുസ്ഥിരതയ്ക്കും ലോകസമാധാനത്തിനും കാരണമാകട്ടെയെന്നും മാർത്തോമ്മാ സഭ ആശംസകൾ അറിയിച്ചു.