
അടൂർ: ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും വിപുലമായ പ്രചാര പ്രവർത്തനങ്ങൾ നടത്തുന്നതിനുമായി നവംബർ ഒന്നിന് അടൂരിൽ മനുഷ്യശൃംഖല തീർക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അറിയിച്ചു. ഇതിന് മുന്നോടിയായി 28ന് രാവിലെ 8.30ന് ഗാന്ധിസ്മൃതി മൈതാനത്ത് നിന്ന് ആരംഭിക്കുന്ന സൈക്കിൾ റാലി ബൈപ്പാസ് വഴി തിരികെ ഗാന്ധി സ്മൃതി മൈതാനത്ത് സമാപിക്കും. റാലിയിൽ വിവിധ സ്കൂളുകളിലെയും കോളേജുകളിലെയും എൻ.സി.സി, എസ്.പി.സി, സ്കൗട്ട്സ് ആൻഡ് ഗൈഡ് , എൻ.എസ്.എസ് വോളണ്ടിയേഴ്സ്, വിവിധ യുവജന പ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കും. നവംബർ ഒന്നിന് രണ്ടരയ്ക്ക് അടൂർ ഹൈസ്കൂൾ ജംഗ്ഷൻ നിന്ന് തുടങ്ങി പഴയ പ്രൈവറ്റ് ബസ് സ്റ്റാൻഡ്, ഗാന്ധിസ്മൃതി മൈതാനം ചുറ്റി ഗാന്ധി പ്രതിമയുടെ മുമ്പിൽ അവസാനിക്കുന്ന തരത്തിൽ മനുഷ്യശൃംഖല തീർക്കും. നഗര പരിസരത്തെ വിവിധ സ്കൂളുകളിലെയും കോളേജിലെയും വിദ്യാർത്ഥികൾ, വിവിധ ജനപ്രതിനിധികൾ, സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകർ തുടങ്ങിയവർ അണിചേരും. ഡെപ്യൂട്ടി സ്പീക്കർ വിളിച്ചു ചേർത്ത യോഗത്തിൽ ആർ.ഡി.ഒ തുളസീധരൻപിള്ള, ഡിവൈ.എസ്.പി ആർ.ബിനു, എക്സൈസ് വിമുക്തി മാനേജർ സുനിൽകുമാരപിള്ള, നഗരസഭാ വൈസ്ചെയർപേഴ്സൺ ദിവ്യാറെജി മുഹമ്മദ്, വിമുക്തി ജില്ലാ കോ - ഒാർഡിനേറ്റർ അഡ്വ.ജോസ് കളിയ്ക്കൽ, ഡി.ഇ.ഒ ഷീലാകുമാരിയമ്മ, ഐ.എച്ച്.ആർ.ഡി എൻജിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ.കെ.സുനിൽകുമാർ, എക്സൈസ് ഇൻസ്പെക്ടർ ബിജു എൻ.ബേബി, സുനിൽ ബാബു തുടങ്ങിയവർ പങ്കെടുത്തു.