പത്തനംതിട്ട: ആറാമത് അടൂർ അന്താരാഷ്ട്ര ചലച്ചിത്രമേള 28,29,30 തീയതികളിൽ അടൂർ സ്മിതാ തീയറ്ററിൽ നടക്കും . 28 ന് വൈകിട്ട് 5.30 ന് ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ചലചിത്രമേള ഉദ്ഘാടനം ചെയ്യും . ലോക സിനിമാ വിഭാഗത്തിൽ എട്ട് ചിത്രങ്ങളും ഇന്ത്യൻ സിനിമാ വിഭാഗത്തിൽ രണ്ടു ചിത്രങ്ങളും മൂന്ന് മലയാള ചിത്രങ്ങളുമാണ് പ്രദർശിപ്പിക്കുന്നത് . സ്വയംവരം ചിത്രത്തിന്റെ അൻപതാം വാർഷികം പ്രമാണിച്ച് ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിക്കും . ഇതോട നുബന്ധിപ്പിച്ച് സംഘടിപ്പിച്ച ഹ്രസ്വചലച്ചിത്ര മത്സരവിഭാഗത്തിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട പത്ത് ചിത്രങ്ങൾ പ്രദർശിപ്പിക്കും . മികച്ച ചിത്രം , രണ്ടാമത്തെ മികച്ച ചിത്രം , തിരക്കഥ , സംവിധാനം , ഛായാഗ്രഹണം , മികച്ചനടൻ , നടി എന്നീ ഇനങ്ങളിലായി ഏഴ് അവാർഡുകൾ സമാപന ചടങ്ങിൽ വിതരണം ചെയ്യും . സമാപന ചടങ്ങ് ചലച്ചിത്ര സംവിധായകൻ ബ്ളെസി ഉദ്ഘാടനം ചെയ്യും . കളക്ടർ ഡോ . ദിവ്യ . എസ് . അയ്യർ മുഖ്യാതിഥിയായിരിക്കും . 29 ന് നടക്കുന്ന ഓപ്പൺ ഫോറത്തിൽ “ മലയാള സിനിമ പുതിയ ദിശകൾ , പുതിയ വെല്ലു വിളികൾ ' എന്ന വിഷയത്തിൽ സെമിനാർ നടക്കും . സിനിമേറ്റ്സ് ഫിലിം സൊസൈറ്റി , അടൂർ നഗരസഭ , സംസ്ഥാന ചലച്ചിത്ര അക്കാഡമി , ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ എന്നിവയുടെ സഹകരണത്തോടെയാണ് ചലച്ചിത്രമേള സംഘടിപ്പിക്കുന്നത്. വാർത്താ സമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ ഡെപ്യുട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, ജനറൽ കണവീനർ സി . സുരേഷ്ബാബു, സെക്രട്ടറി രാജീവ് പെരുമ്പുഴ എന്നിവർ പങ്കെടുത്തു.