 
മല്ലപ്പള്ളി : മല്ലപ്പള്ളിയിൽ പഞ്ചായത്ത് ബസ് സ്റ്റാൻഡ് സ്വകാര്യ വാഹനങ്ങളുടെ പാർക്കിംഗ് സ്ഥലമായി മാറുന്നു. പ്രവേശന കവാടം മുതൽ വീതി കുറവുള്ള സ്റ്റാൻഡിന് ഉൾവശവും വലിപ്പക്കുറവാണ്. അനധികൃതമായി സ്വകാര്യ വാഹനങ്ങളുടെ കടന്നുകയറ്റമാണ് കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകളുടെ പാർക്കിംഗിന് തടസമായിരിക്കുന്നത്. ഇരുചക്ര വാഹനങ്ങൾക്ക് പുറമേ, വലിയ വാഹനങ്ങളും അലക്ഷ്യമായി പാർക്ക് ചെയ്യുന്നുണ്ട്. പൊലീസ് - എയ്ഡ് പോസ്റ്റ് സംവിധാനം നേരത്തെ ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ ഇത് പ്രവർത്തിക്കുന്നില്ല. ദിവസവും ഇവിടെ 80 സർവീസുകളിലായി എണ്ണായിരത്തോളം യാത്രക്കാരാണ് ഇവിടെ വന്നു പോകുന്നത്. ശരാശരി 12 ബസുകൾ വരെ ഒരേ സമയം സ്റ്റാൻഡിൽ എത്താറുണ്ടെന്നാണ് സ്വകാര്യ ബസിലെ ജീവനക്കാർ പറയുന്നത്. സ്റ്റാൻഡിലെ സ്വകാര്യ വാഹന പാർക്കിംഗിനെതിരെ പരാതികളേറെയാണ്. ബസ് ജീവനക്കാരും സ്വകാര്യ വാഹനത്തിലെ ഡ്രൈവർമാരും തർക്കത്തിൽ ഏർപ്പെടുന്നതും പതിവാണ്. പഞ്ചായത്ത് സ്‌റ്റാൻഡ് സ്ഥാപിച്ചതിന് ശേഷം തറയുടെ കോൺക്രീറ്റിംഗ് നടത്തിയതൊഴിച്ചാൽ കാര്യമായ വികസനപ്രവൃത്തികൾ ഒന്നും നടത്തിയിട്ടില്ലെന്ന ആരോപണവും ശക്തമാണ്. സ്വകാര്യ വാഹനങ്ങളുടെ പാർക്കിംഗിൽ അധികാരികളുടെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നാണ് ബസ് ജീവനക്കാരുടെയും യാത്രക്കാരുടെയും ആവശ്യം.