പ്രമാടം : അറ്റകുറ്റപ്പണിയുടെ പേരിൽ ജല അതോറിറ്റിയും പൊതുമരാമത്ത് വകുപ്പും തമ്മിലുള്ള ശീതസമരത്തെ തുടർന്ന് പ്രമാടം ഗ്രാമപഞ്ചായത്തിൽ കുടിവെള്ളം മുടങ്ങിയിട്ട് ഒരാഴ്ച. പൈപ്പ് പൊട്ടലുമായി ബന്ധപ്പെട്ട് ജല അതോറിറ്റി അധികൃതർ വിവിധയിടങ്ങളിൽ അനുമതിയില്ലാതെ റോഡ് വെട്ടിപ്പൊളിച്ചതാണ് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. അടുത്തിടെ അത്യാധുനിക രീതിയിൽ നിർമ്മിച്ച റോഡുകളാണ് , മിക്കയിടങ്ങളിലും പി.ഡബ്ളിയു.ഡിയുടെ അനുമതി വാങ്ങാതെ ജല അതോറിറ്റി കഴിഞ്ഞ ആഴ്ചകളിൽ വെട്ടിപ്പൊളിച്ചത്. ഈ ഭാഗങ്ങൾ പഴയപോലെയാക്കാൻ പണം അടയ്ക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് ആവശ്യപ്പെട്ടതാണ് പ്രശ്നങ്ങൾക്ക് കാരണം. ഇരുവിഭാഗങ്ങളും തമ്മിലുള്ള ശീതസമരത്തെ തുടർന്ന് ജല അതോറിറ്റി ഒരാഴ്ചയായി മറൂരിൽ നിന്നുള്ള പമ്പിംഗ് നിറുത്തിവച്ചിരിക്കുകയാണ്. എം.എൽ.എ അടിയന്തരമായി പ്രശ്നത്തിൽ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പരസ്പരം പഴിചാരി വകുപ്പുകൾ
പരസ്പരം പഴിചാരി രക്ഷപ്പെടാനാണ് ജല അതോറിറ്റിയും പൊതുമരാമത്ത് വകുപ്പും ശ്രമിക്കുന്നത്. തങ്ങളെ അറിയിക്കാതെ ജല അതോറിറ്റിക്കാർ അശാസ്ത്രീയമായി റോഡ് വെട്ടിപ്പൊളിക്കുന്നതാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്നാണ് പൊതുമരാമത്ത് വകുപ്പ് അധികൃതർ പറയുന്നത്. പി.ഡബ്ളിയു.ഡിയെ മുൻകൂട്ടി അറിയിക്കാറുണ്ടെന്നും
എന്നാൽ ദിവസങ്ങളോളം ഇവർ എത്താതെ വരുമ്പോഴാണ് റോഡ് കുഴി
ക്കുന്നതെന്നുമാണ്
ജല അതോറിറ്റിയുടെ വാദം. വെട്ടിപ്പൊളിക്കുന്ന റോഡ് പഴയ രീതിയിലാക്കാനുള്ള തുക നൽകണമെന്ന് പൊതുമരാമത്ത് വകുപ്പ് നേരത്തെ തന്നെ നിർദ്ദേശിച്ചിട്ടുണ്ട്. വെട്ടിപ്പൊളിക്കുന്ന ഭാഗങ്ങൾ വാട്ടർ അതോറിറ്റി അശാസ്ത്രീയമായി മൂടുന്നത് അപകടങ്ങൾക്കും കാരണമാകാറുണ്ട്.
കുടിവെള്ളം മുട്ടി ജനം
ജില്ലയിലെ ഏറ്റവും വലിയ പഞ്ചായത്തുകളിൽ ഒന്നാണ് പ്രമാടം. 19 വാർഡുകളിലായി വ്യാപിച്ചു കിടക്കുന്ന ഇവിടെ 35000 ൽ കൂടുതൽ ജനസംഖ്യയുണ്ട്. ഭൂരിഭാഗം കുടുംബങ്ങളിലും വാട്ടർ അതോറിറ്റിയുടെ പൈപ്പ് കണക്ഷനുണ്ട്. മഴക്കാലത്തുപോലും ശുദ്ധജല ക്ഷാമം നേരിടുന്ന കുളപ്പാറ, നെടുംപാറ, പടപ്പുപാറ, കൊച്ചുമല തുടങ്ങിയ ഉയർന്ന പ്രദേശങ്ങളും പട്ടികജാതി കോളനികളും ഇവിടെയുണ്ട്. അച്ചൻകോവിലാറ്റിലെ മറൂർ വെട്ടിക്കാലിൽ പടി പമ്പ് ഹൗസിൽ നിന്ന് പമ്പുചെയ്യുന്ന വെള്ളം കുളപ്പാറ മലയിലെ വാട്ടർ ടാങ്കിൽ എത്തിച്ച ശേഷം ശുദ്ധീകരിച്ചാണ് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്യുന്നത്.