തിരുവല്ല: താലൂക്ക് ആശുപത്രിയിൽ നീരുവച്ച കാലുമായി ചികിത്സയ്ക്ക് എത്തിയ രോഗിക്ക് ഡോക്ടർ ചികിത്സ നിഷേധിച്ച സംഭവത്തിൽ ആരോഗ്യവകുപ്പ് മന്ത്രി അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടു. തിരുവല്ല തിരുമൂലപുരം പാറശ്ശേരി വീട്ടിൽ എം.കെ. കുഞ്ഞുമോൾക്ക് ചികിത്സ നിഷേധിച്ചതായാണ് പരാതി. കാൽപാദത്തിലെ നീരുമായി മകൾക്കൊപ്പം അതിവേദനയോടെ ആശുപത്രിയിലെ ഓർത്തോ സർജനായ ഡോ. സെബാസ്റ്റ്യന്റെ അടുത്താണ് കുഞ്ഞുമോൾ ചികിത്സ തേടിയെത്തിയത്. എന്നാൽ കാര്യമായ പരിശോധനകൾ നടത്താതെ വേദനയ്ക്കുള്ള മരുന്ന് നൽകിയശേഷം ഉപ്പുവെള്ളത്തിൽ കാൽപാദം മുക്കിവച്ചാൽ മതിയെന്ന് ഡോക്ടർ പറഞ്ഞെന്നാണ് ബന്ധുക്കൾ പറയുന്നത്. എക്സ്-റേ എടുത്ത് പരിശോധിക്കണമെന്ന കുഞ്ഞുമോളുടെയും മകളുടെയും ആവശ്യം ഡോക്ടർ നിരാകരിച്ചു. തുടർന്ന് കുഞ്ഞുമോളുമായി ആശുപത്രിക്ക് പുറത്തുള്ള സ്വകാര്യ ലാബിലെത്തി എക്സ്റേ എടുത്തശേഷം ക്വാഷ്വാലിറ്റിയിലെ ഡോക്ടറെ സമീപിച്ചു. എക്സറേ പരിശോധിച്ച ഡോക്ടർ കുഞ്ഞുമോളുടെ കാലിന്റെ അസ്ഥിക്ക് തകരാറുള്ളതായി അറിയിച്ചു. അതിനാൽ ഓർത്തോ സർജനെ വീണ്ടും കാണാൻ ആവശ്യപ്പെട്ടു. ഇതുപ്രകാരം ഡോക്ടർ സെബാസ്റ്റ്യന്റെ അടുത്തെത്തിയ കുഞ്ഞുമോളും മകളും എക്സറേ റിപ്പോർട്ടും ഒ.പി.ടിക്കറ്റും ഡോക്ടർക്ക് നൽകി. എന്നാൽ ക്ഷുഭിതനായ ഡോക്ടർ സെബാസ്റ്റ്യൻ എക്സ്റേ റിപ്പോർട്ടും ഒ.പി.ടിക്കറ്റും മേശപ്പുറത്തേക്ക് വലിച്ചെറിഞ്ഞതായി കുഞ്ഞുമോളും മകളും പറഞ്ഞു. തുടർന്ന് താലൂക്ക് ആശുപത്രിയിൽ മുമ്പുണ്ടായിരുന്ന ഓർത്തോ സർജനായ ഡോ. സുഭാഷിനെ കുഞ്ഞുമോൾ കണ്ടു. കുഞ്ഞുമോളുടെ കാൽപാദത്തിന് പൊട്ടലുള്ളതായും ശസ്ത്രക്രിയ വേണമെന്നും പരിശോധനയിൽ വ്യക്തമായി. ഡോ സുഭാഷ് ഇപ്പോൾ പ്രാക്ടീസ് ചെയ്യുന്ന മാവേലിക്കര താലൂക്ക് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കായി കുഞ്ഞുമോളെ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ടുമാസം മുമ്പ് നെഞ്ചുവേദനയുമായി എത്തിയ തുകലശേരി സ്വദേശിക്ക് ചികിത്സ നിഷേധിച്ച സംഭവവും ഇവിടെയുണ്ടായി. താലൂക്ക് ആശുപത്രിയിൽനിന്ന് വണ്ടാനം മെഡിക്കൽ കോളേജിലേക്ക് രോഗിയുമായി പോകവേ സിലിണ്ടറിലെ ഓക്സിജൻ തീർന്ന് രോഗി മരിച്ച സംഭവവും ഉണ്ടായിരുന്നു.