edu
വിദ്യാഭ്യാസ പ്രവർത്തനാസൂത്രണ യോഗം കുന്നന്താനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് എം.കെ മധുസൂദനൻ നായർ ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: ഹയർസെക്കൻഡറി തലം വരെയുള്ള കുട്ടികളുടെ പഠനത്തെയും കഴിവുകളെയും പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കുന്നന്താനം പഞ്ചായത്തിലെ 12-ാം വാർഡിൽ വിദ്യാഭ്യാസ സമിതി രൂപീകരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രൊഫ.എം.കെ.മധുസൂദനൻ നായർ ചെയർമാനും ആഞ്ഞിലിത്താനം ജി.എം.എൻ.എൽ.പി സ്കൂൾ അദ്ധ്യാപകൻ കെ.കെ രാജൻ കൺവീനറുമായുള്ള 11 അംഗങ്ങൾ ഉൾക്കൊള്ളുന്നതാണ് വാർഡ് വിദ്യാഭ്യാസ സമിതി. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ അക്കാദമിക പിന്തുണയോടെ നടത്തുന്ന പദ്ധതിയെക്കുറിച്ച് പരിഷത്ത് ജില്ലാ വിദ്യാഭ്യാസ വിഷയസമിതി കൺവീനർ ഡോ.ആർ.വിജയമോഹനൻ വിശദീകരിച്ചു. എസ്.എസ്.കെ മല്ലപ്പള്ളി ബ്ലോക്ക് പ്രോഗ്രാം ഓഫീസർ അമ്പിളി.വി, സ്കൂൾ ഹെഡ്മിസ്ട്രസ് സുനന്ദ.എസ്, പരിഷത്ത് ജില്ലാ വൈസ് പ്രസിഡന്റ് രമേഷ് ചന്ദ്രൻ എന്നിവർ സംസാരിച്ചു. നവംബർ 15ന് മുമ്പ് വാർഡിലെ മുഴുവൻ വീടുകളും സന്ദർശിച്ച് 18 വയസുവരെയുള്ള കുട്ടികളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട അടിസ്ഥാന വിവരങ്ങൾ ശേഖരിച്ച് 'വാർഡ് വിദ്യാഭ്യാസ രജിസ്റ്റർ ' തയാറാക്കും. കൂടാതെ, കുട്ടികളുടെ ഗ്രാമസഭ സംഘടിപ്പിക്കാനുള്ള പ്രവർത്തനങ്ങൾക്കും പഞ്ചായത്ത് വിദ്യാഭ്യാസ സമിതി രൂപരേഖ തയാറാക്കി.