പത്തനംതിട്ട: പൊതുമേഖലാ സ്ഥാപനമായ തിരുവല്ല ട്രാക്കോ കേബിൾ കമ്പനി അടച്ചുപൂട്ടലിലേക്ക്. ട്രാക്കോ കേബിൾ കമ്പനിക്ക് ഇരുമ്പനം, തിരുവല്ല, പിണറായി എന്നിവിടങ്ങളിലായി മൂന്ന് യൂണിറ്റുകളും, 500ൽ അധികം ജീവനക്കാരുമുണ്ട്. കെ.എസ്.ഇ.ബിക്ക് വേണ്ടി ഉന്നത ഗുണനിലവാരമുള്ള എ.സി.എസ്.ആർ,എൽ.ടി,എച്ച് ടി ,യൂ.ജി കേബിളുകൾ ഉൽപ്പാദിപ്പിക്കുന്ന കമ്പനിയുടെ പ്രധാനപ്പെട്ട രണ്ട് യൂണിറ്റുകളാണ് ഇരുമ്പനത്തും തിരുവല്ലയിലുമുള്ളത്. മുൻകാലങ്ങളിൽ മെച്ചപ്പെട്ട രീതിയിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന ഈ രണ്ടു യൂണിറ്റുകളിലും പ്രവർത്തന മൂലധനമില്ലാത്തതിനാലും, കെ.എസ്.ഇ.ബിയിൽ നിന്നും ഓർഡറുകൾ ലഭിക്കാത്തതിനാലും കഴിഞ്ഞ ഒരു വർഷമായി ഉൽപ്പാദനം പൂർണമായും നിലച്ചിരിക്കുകയാണ്.
മാനേജുമെന്റിന്റെ കെടുകാര്യസ്ഥതമൂലമാണ് തിരുവല്ല ട്രാക്കോ കേബിൾ കമ്പനി അടച്ചുപൂട്ടലിലേക്ക് എത്തിച്ചതെന്നും തൊഴിലാളികളെ പ്രത്യക്ഷ സമര പരിപാടിയിലേക്ക് തള്ളിവിട്ടതായും തിരുവല്ല ഐ.എൻ.ടി.യു.സി യൂണിയൻ പ്രസിഡന്റ് അഡ്വ.കെ ശിവദാസൻ നായർ, ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് ജ്യോതിഷ്‌കുമാർ മലയാലപ്പുഴ എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.കമ്പനിയെ ആശ്രയിച്ചു കഴിയുന്ന ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും പട്ടിണിയിലാകുന്ന അവസ്ഥയാണിപ്പോൾ. യു.ഡി.എഫിന്റെയും , ട്രേഡ് യൂണിയന്റെയും നേതാക്കൾ വ്യവസായ വകുപ്പ് മന്ത്രിക്ക് ഇത് സംബന്ധിച്ച് നിരവധി നിവേദനങ്ങൾ നൽകിയിട്ടും നടപടിയുണ്ടായിട്ടില്ല. നിയമ സഭയിലും ബോദ്ധ്യപ്പെടുത്തിയതാണന്നും നേതാക്കൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ അഡ്വ.രാജേഷ് ചാത്തങ്കരി, ജിജി മൈക്കിൾ, ഏബ്രഹാം എന്നിവർ പങ്കെടുത്തു.