ചെന്നീർക്കര: പ്രക്കാനം ആത്രപ്പാട് ഞെട്ടൻചിറ കോളനിയിൽ മേലേതിൽ രമേശിന്റെ വീട് കത്തി നശിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയുണ്ടായ തീപിടിത്തത്തിൽ വീട് പൂർണമായി കത്തി. ആളപായമില്ല. രമേശും ഭാര്യ ആശയും തൊഴിലുറപ്പ് ജോലിക്കും നാലിലും മൂന്നിലും പഠിക്കുന്ന കുട്ടികൾ സ്കൂളിലും പോയിരിക്കുകയായിരുന്നു. വീട്ടുപകരണങ്ങൾ, വസ്ത്രങ്ങൾ, കുട്ടികളുടെ പാഠപുസ്തകങ്ങൾ, രേഖകൾ തുടങ്ങിയവർ കത്തിനശിച്ചതായി രമേശ് പറഞ്ഞു. രണ്ടു മുറികളും അടുക്കളയും ചേർന്നതായിരുന്നു വീട്. മേൽക്കൂര ആസ്ബസ്റ്റോസ് ഷീറ്റ് പാകിയതും കത്തി നശിച്ചു. തീപിടിത്തത്തിൽ പുക പടർന്ന ഭിത്തികൾ മാത്രമാണ് ബാക്കിയുള്ളത്. തീയും പുകയും കണ്ട് പരിസരവാസികൾ ഒാടിക്കൂടിയപ്പോഴേക്കും ആളിപ്പടർന്നിരുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. അടുപ്പിൽ നിന്ന് തീ പടർന്നതാകാമെന്നാണ് പ്രാഥമിക നിഗമനം. വലിയ നഷ്ടമാണുണ്ടായതെന്ന് സ്ഥലം സന്ദർശിച്ച ചെന്നീർക്കര പഞ്ചായത്തംഗം കെ.കെ ശശി പറഞ്ഞു. പത്തനംതിട്ടയിൽ നിന്ന് അഗ്നിരക്ഷാ സേന എത്തിയാണ് തീ അണച്ചത്. സ്റ്റേഷൻ ഒാഫീസർ ജോസഫ്, അസി. സ്റ്റേഷൻ ഒാഫീസർ പ്രദീപ് എന്നിവരുടെ നേതൃത്വം നൽകി.