sabarimala-

റാന്നി: അയ്യപ്പഭക്തരുടെ സൗകര്യാർത്ഥം റാന്നി താലൂക്ക് ഓഫീസ് കേന്ദ്രീകരിച്ച് ഹെൽപ്പ് ഡസ്ക് ആരംഭിക്കാൻ തീരുമാനമായി. മണ്ഡലകാലാരംഭത്തിന് മുന്നോടിയായി അയ്യപ്പഭക്തർക്ക് ഏർപ്പെടുത്തേണ്ട അടിസ്ഥാന സൗകര്യങ്ങൾ വിലയിരുത്താൻ അഡ്വ. പ്രമോദ് നാരായൺ എം.എൽ.എ വിളിച്ചുചേർത്ത ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം.
റാന്നിയിൽ നിന്ന് പമ്പയ്ക്ക് എരുമേലി വഴിയും വടശേരിക്കര വഴിയും കെ.എസ്.ആർ.ടി.സി ബസ് സർവീസുകൾ ആരംഭിക്കുന്നതിനും ചെങ്ങന്നൂർ തിരുവല്ല റെയിൽവേ സ്റ്റേഷനുകളിൽ നിന്ന് പമ്പയ്ക്ക് പുറപ്പെടുന്ന ഏതാനും ബസുകൾ റാന്നി വഴി തിരിച്ചുവിടുന്നതിനും കെ.എസ്.ആർ.ടി.സി അധികൃതർക്ക് നിർദ്ദേശം നൽകി..ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.ഗോപി , പഞ്ചായത്ത് പ്രസിഡന്റുമാരായ പി.എസ്.മോഹനൻ , എസ്.ആർ.സന്തോഷ് കുമാർ , കെ.ആർ.പ്രകാശ്, ബിന്ദു വളയനാട്, ടി.കെ.ജയിംസ്, അനിത കുറുപ്പ് , തഹസിൽദാർ പി ഡി സുരേഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

@ തിരുവാഭരണപാതയിൽ ചെറുകോൽ ആയിക്കലിൽ 17 ലക്ഷം രൂപയുടെ പാലം നിർമ്മാണം ടെൻഡർ ചെയ്തു. അപകടകരമായ കുളിക്കടവുകൾ കെട്ടിയടയ്ക്കാനും കുളിക്കടവുകളിൽ വിവിധ ഭാഷകളിൽ അപകട സൂചനാ ബോർഡുകൾ സ്ഥാപിക്കാനും ലൈഫ് ഗാർഡിനെ നിയോഗിക്കാനും നടപടിയായി. തിരുവാഭരണ പാതയിൽ പള്ളിക്കമുരുപ്പ് ഭാഗത്ത് റോഡിലേക്ക് ഇറങ്ങിനിൽക്കുന്ന വൈദ്യുത പോസ്റ്റുകൾ മാറ്റിസ്ഥാപിക്കും .

@ ചെത്തോംകര - അത്തിക്കയം റോഡിലെ കണ്ണമ്പള്ളി ഭാഗത്തും അത്തിക്കയം - വെച്ചുച്ചിറ റോഡിലെ ചെമ്പനോലി ഭാഗത്തും അപകടങ്ങൾ കുറയ്ക്കാൻ നടപടി സ്വീകരിക്കും.വടശേരിക്കരയിലെ ഡി.ടി.ഡി.സി കെട്ടിടം തീർത്ഥാടന കാലത്ത് വിട്ടുകിട്ടാൻ ആവശ്യപ്പെടും.ഫയർ ഓഡിറ്റിംഗ് നടത്തുകയും സ്കൂബ ഡൈവേഴ്സിന്റെ സേവനം ലഭ്യമാക്കുകയും ചെയ്യും.

@ മണ്ഡലകാലത്ത് 3000 പൊലീസുകാരുടെയും മകരവിളക്കിന് 6000 പൊലീസുകാരുടെയം സേവനം ഉറപ്പാക്കിയിട്ടുണ്ട്. തിരക്ക് കൂടിയാൽ വടശേരിക്കര, പ്ലാപ്പള്ളി എന്നിവിടങ്ങളിൽ വാഹനം പിടിച്ചുനിറുത്തും. രാമപുരം, മാടമൺ ക്ഷേത്രം എന്നിവിടങ്ങളിലും ഇടത്താവളങ്ങളിലും പൊലീസ് സുരക്ഷ ഏർപ്പെടുത്തും.