പ്രമാടം : പ്രമാടത്തെ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിൽ അധികൃതർ കാട്ടുന്ന അനാസ്ഥയ്ക്കെതിരെ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് നാട്ടുകാർ. ജില്ലാ ആസ്ഥാനത്തോട് ചേർന്ന് കിടക്കുന്നതും പമ്പ് ഹൗസ് സ്ഥിതി ചെയ്യുന്നതുമായ ഒന്നാം വാർഡിൽ ഉൾപ്പെടെ ജല അതോറിറ്റിയുടെ കുടിവെള്ള വിതരണം മുടങ്ങിയിട്ട് എട്ട് ദിവസങ്ങൾ പിന്നിട്ടിട്ടും പ്രശ്നം പരിഹരിക്കാൻ ബന്ധപ്പെട്ടവർ തയാറായിട്ടില്ല. ഇതേ തുടർന്നാണ് നാട്ടുകാർ സംയുക്ത സമര സമിതി രൂപീകരിച്ച് പഞ്ചായത്ത് ഓഫീസ്, വാട്ടർ അതോറിറ്റി ഓഫീസ്, മറൂർ പമ്പ് ഹൗസ് എന്നിവിടങ്ങിലേക്ക് പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിക്കാൻ ഒരുങ്ങുന്നത്. അറ്റകുറ്റപ്പണിയുടെ പേരിൽ ജല അതോറിറ്റിയും പൊതുമരാമത്ത് വകുപ്പും തമ്മിലുള്ള തർക്കം അവസാനിപ്പിക്കുന്നതിന് കഴിഞ്ഞ ദിവസം പഞ്ചായത്ത് തലത്തിൽ ചർച്ചകൾ നടന്നെങ്കിലും വിജയിച്ചില്ല. ഇരു വകുപ്പുകളും തങ്ങളുടെ നിലപാടിൽ ഉറച്ച് നിൽക്കുകയാണ്. പ്രശ്നം അടിയന്തരമായി പരിഹരിച്ചില്ലെങ്കിൽ പഞ്ചായത്തിൽ ശുദ്ധജല ക്ഷാമം അതിരൂക്ഷമാകും. പഞ്ചായത്ത് പരാജയപ്പെട്ട സാഹചര്യത്തിൽ പ്രശ്ന പരിഹാരത്തിന് എം.എൽ.എ ഇടപെടണമെന്ന ആവശ്യവും ശക്തമാണ്.
നഷ്ടപരിഹാരത്തിൽ ഉറച്ച് പൊതുമരാമത്ത്
വാട്ടർ അതോറിറ്റി വെട്ടിമുറിക്കുന്ന റോഡ് പഴയ നിലവാരത്തിലാക്കുന്നതിന് ആവശ്യമായ നഷ്ട പരിഹാരം പൂർണമായും ലഭിക്കണമെ നിലപാടിൽ ഉറച്ചു നിൽക്കുകയാണ് പൊതുമരാമത്ത് വകുപ്പ്. ബി.എം ആൻഡ് ബി.സി നിലവാരത്തിൽ അടുത്തിടെ പുനർനിർമ്മിച്ച റോഡുകളാണ് വ്യാപകമായി വെട്ടിപ്പൊളിക്കുന്നത്. ഇവ അഞ്ച് വർഷത്തെ ദീർഘകാല കരാറിൽ ഉൾപ്പെടുത്തിയിട്ടുള്ളതാണ്. ഇത്തരം അറ്റകുറ്റപ്പണികൾക്ക് കരാറുകാരൻ ഉത്തരവാദിത്വം വഹിക്കില്ല. പി.ഡബ്ളിയു.ഡി പണം നൽകിയെങ്കിൽ മാത്രമെ അവർ ഉന്നതനിലവാരത്തിലുള്ള അറ്റകുറ്റപ്പണികൾ നടത്തു. ഇത് സംബന്ധിച്ച് വാട്ടർ അതോറിറ്റിക്ക് നേരത്തെ തന്നെ നോട്ടീസ് നൽകിയിട്ടുണ്ടെന്നും മുൻകൂർ അനുവാദം വാങ്ങാതെ റോഡ് വെട്ടിപ്പൊളിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നതുമാണ് പൊതുമരാമത്ത് വകുപ്പിന്റെ നിലപാട്.
കോൺക്രീറ്റ് ചെയ്ത് നൽകാറുണ്ടെന്ന് വാട്ടർ അതോറിറ്റി
തങ്ങൾ വെട്ടിപ്പൊളിക്കുന്ന ഭാഗം അപകട രഹിതമായി കോൺക്രീറ്റ് ചെയ്ത് നൽകാറുണ്ടെന്നാണ് വാട്ടർ അതോറിറ്റിയുടെ അവകാശവാദം. റോഡിന് അടിയിലൂടെയാണ് പ്രധാന പൈപ്പ് ലൈനുകൾ കടന്നുപോകുന്നത്. കാലപ്പഴക്കം മൂലമായണ് ഇവ തുടർച്ചയായി പൊട്ടുന്നത്. ജനങ്ങളുടെ കുടിവെള്ളം മുടങ്ങാതിരിക്കാൻ വേണ്ടിയാണ് യുദ്ധകാല അടിസ്ഥാനത്തിൽ റോഡ് കുഴിച്ച് അറ്റകുറ്റപ്പണികൾ നടത്തി കുടിവെള്ളം പുന:സ്ഥാപിക്കുന്നത്. ഈ ഭാഗങ്ങളിൽ പരാതി രഹിതമായി കോൺക്രീറ്റും ചെയ്യാറുണ്ട്. പ്രമാടത്ത് റോഡിന് വെളിയിലൂടെ പുതിയ പൈപ്പ് ലൈനുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും കമ്മീഷൻ ചെയ്തിട്ടില്ല.പി.ഡബ്ളിയു.ഡി പണി തടഞ്ഞതിനാൽ അറ്റകുറ്റപ്പണി മുടങ്ങി. പൊട്ടിയ പൈപ്പ് നന്നാക്കാതെ പമ്പിംഗ് നടത്താൻ കഴിയില്ലെന്നും അവർ ചൂണ്ടിക്കാട്ടി.