 
പത്തനംതിട്ട : പിണങ്ങിക്കഴിയുന്ന ഭാര്യയെ വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് പിടിയിൽ. ആലപ്പുഴ വള്ളികുന്നം കടുവിനാൽ പേപ്പർ മില്ലിന് സമീപം ശ്യാംഭവനിൽ ശശികുമാറിന്റെ മകൻ ശ്യാംലാൽ (29) ആണ് അടൂർ പൊലീസിന്റെ പിടിയിലായത്. ഇയാളുമായി പിണങ്ങി കുടുംബവീടായ പള്ളിക്കൽ ആനയടി ചെറുകുന്നം കൈതക്കൽ ശിവാലയം വീട്ടിൽ താമസിച്ചിരുന്ന രാജലക്ഷ്മിയെ ബുധനാഴ്ച പുലർച്ചയോടെ വീടിന്റെ മതിൽ ചാടിക്കടന്ന് ഉള്ളിലെത്തി വെട്ടുകത്തികൊണ്ട് വെട്ടുകയായിരുന്നു. ഗേറ്റിനു മുന്നിൽ ഇയാൾ ബഹളം വയ്ക്കുകയും അസഭ്യം പറയുകയും ചെയ്തതോടെ ഗേറ്റിനടുത്തെത്തിയ രാജലക്ഷ്മിയെ ആക്രമിക്കുകയായിരുന്നു. തലയ്ക്കും കൈക്കും ഗുരുതരമായി പരിക്കേറ്റ യുവതി തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അടൂർ ഡിവൈ. എസ്.പി ആർ. ബിനുവിന്റെ മേൽനോട്ടത്തിൽ ഇൻസ്‌പെക്ടർ ടി.ഡി പ്രജീഷിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.