 
പത്തനംതിട്ട : പത്തനംതിട്ട ജനറൽ ആശുപത്രിയിൽ അത്യാധുനിക സംവിധാനങ്ങളോടെ അത്യാഹിത വിഭാഗത്തിനായുള്ള കെട്ടിട നിർമ്മാണത്തിന് മണ്ണ് പരിശോധന ആരംഭിച്ചു. കിറ്റ്‌കോയുടെ നേതൃത്വത്തിലാണ് മണ്ണു പരിശോധന നടക്കുന്നത്. പന്ത്രണ്ട് അടി ആഴത്തിലാണ് പരിശോധന നടത്തുന്നത്. എട്ടുനില കെട്ടിടത്തിനുളള പദ്ധതിയാണ് രൂപകൽപ്പന ചെയ്തത്. എന്നാൽ, നാല് നിലയ്ക്കുള്ള 24 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ആദ്യ ഘട്ടമായി നാല് നില പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. 24 കോടി രൂപയാണ് അത്യാഹിത വിഭാഗത്തിനായി അനുവദിച്ചിട്ടുള്ളത്. മണ്ണ് പരിശോധന നടത്തി റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ എട്ടു നിലയിലും കെട്ടിടം നിർമ്മിക്കാനാകുമോ എന്നറിയാൻ കഴിയൂ. നിലവിലെ കാഷ്വാലിറ്റി കെട്ടിടം പൊളിച്ച് നീക്കി അവിടെയാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. ആശുപത്രി വളപ്പിലെ മറ്റൊരു കെട്ടിടത്തിലേക്ക് അത്യാഹിത വിഭാഗം മാറ്റും. കൊവിഡ് ക്രിട്ടിക്കൽ കെയർ പ്രവർത്തിച്ചിരുന്ന കെട്ടിടമാണ് താൽക്കാലിക അത്യാഹിത വിഭാഗത്തിനായി പരിഗണിക്കുന്നത്.
പുതിയ കെട്ടിടത്തിനായി ആറ് സ്ഥലങ്ങളിലാണ് പൈലിംഗ് നടത്തേണ്ടത്. ഇതിൽ പാർക്കിംഗ് സൗകര്യമടക്കമാണ് നിർമ്മാണം നടത്തുന്നത്. നബാഡിൽ ഉൾപ്പെടുത്തിയാണ് പുതിയ കെട്ടിടം നിർമ്മിക്കുക.