
ചെങ്ങന്നൂർ: ശബരിമല മണ്ഡലകാല തീർത്ഥാടനകാലം ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രം ശേഷിക്കെ ചെങ്ങന്നൂരിൽ തീർത്ഥാടന മുന്നൊരുക്കങ്ങൾ എങ്ങുമെത്തിയില്ല. ആധുനിക സംവിധാനമുളള ഇടത്താവളം ഇക്കുറിയും യാഥാർത്ഥ്യമാകില്ല. ഇടത്താവളം പൂർത്തിയാക്കാൻ കുറഞ്ഞത് ഒന്നര വർഷംകൂടി വേണ്ടിവരുമെന്നാണ് ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ പറയുന്നത്. തീർത്ഥാടകർക്ക് വിശ്രമിക്കാൻ മതിയായ സൗകര്യമില്ലെന്നു ചൂണ്ടിക്കാട്ടി സജി ചെറിയാൻ എം.എൽ.എ മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ 10.48 കോടി അനുവദിച്ചു. എന്നാൽ വിശ്രമകേന്ദ്രം നിർമ്മിക്കാൻ ആറുമാസം മുൻപാണ് തറക്കല്ലിട്ടത്. ചെങ്ങന്നൂരിലെത്തുന്ന ലക്ഷക്കണക്കിനു തീർത്ഥാടകർ ഇക്കുറിയും വിശ്രമിക്കാനും വിരിവെക്കാനും വേണ്ടത്ര ഇടമില്ലാതെ വലയുമെന്ന് ഇതോടെ ഉറപ്പായി.
മിത്രപ്പുഴക്കടവിൽ മാലിന്യം നിറഞ്ഞു
ശബരിമലയുടെ പ്രവേശന കവാടമായ ചെങ്ങന്നൂർ ആയിരക്കണക്കിന് ഭക്തരാണ് ട്രെയിൻ മാർഗം എത്തുന്നത്. ഇവർ ചെങ്ങന്നൂർ മഹാദേവക്ഷേത്രത്തിലെത്തി ദർശനം നടത്തിയ ശേഷമാണ് പമ്പയിലേക്ക് യാത്ര തിരിക്കുന്നത്. ക്ഷേത്ര ദർശനത്തിന് മുൻപ് ഇവർ കുളിക്കാനിറങ്ങുന്ന പമ്പാ നദിയിലെ മിത്രപ്പുഴക്കടവ് രണ്ടു വർഷമായിട്ടും നവീകരണമില്ല. സുരക്ഷയെ കരുതി കമ്പിവേലിക്കെട്ടിനുള്ളിലാക്കിയ കടവിന്റെ ഒരുവശത്തു മുട്ടറ്റം മാത്രമാണു വെള്ളമുള്ളത്. മറ്റൊരു വശത്തു പടവുകൾ തകർന്നു മാലിന്യംനിറഞ്ഞു കിടക്കുന്നു. ഇതുമൂലം തുലാമാസപൂജകൾക്കായി നടതുറന്ന വേളയിൽ കടവിലെത്തിയ തീർത്ഥാടകരിൽ പലരും മടങ്ങിപ്പോകുന്ന സാഹചര്യമുണ്ടായി. കടവിന്റെ ശുചീകരണം ചെങ്ങന്നൂർ നഗരസഭയുടെയും നവീകരണച്ചുമതല മേജർ ഇറിഗേഷന്റെയും പരിധിയിലാണ്.
ശുചിമുറികൾ ഒന്നര കിലോമീറ്റർ അകലെ
ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിന് സമീപം കുന്നത്തുമലയിൽ ദേവസ്വം ബോർഡ് വക 45 സെന്റ് ഭൂമിയിലാണ് ഇടത്താവളത്തിന്റെ നിർമ്മാണം നടത്തുന്നത്. മുൻ വർഷങ്ങളിൽ ഇതേ ഭൂമിയിലാണ് ശബരിമല തീർത്ഥാടകർക്കായി ചെങ്ങന്നൂർ നഗരസഭ താത്കാലിക ശുചിമുറികൾ സ്ഥാപിച്ചിരുന്നത്.കെട്ടിട നിർമ്മാണത്തോടനുബന്ധിച്ച് അവ പൊളിച്ചുനീക്കി. ബഥൽ സംവിധാനമെന്ന നിലയിൽ ഇക്കുറി നഗരമദ്ധ്യത്തിലെ സൈനിക് റെസ്റ്റ് ഹൗസിലെ ശുചിമുറികൾ ഉപയോഗിക്കാൻ ധാരണയുണ്ടാക്കിയിട്ടുണ്ട്. എന്നാൽ ക്ഷേത്രദർശനം അടക്കം നടത്തുന്ന തീർത്ഥാടകർക്ക് ഇവിടെ നിന്നും റെസ്റ്റ് ഹൗസ് വരെയെത്തണമെങ്കിൽ ഒന്നര കിലോമീറ്റർ ദൂരം അധികമായി സഞ്ചരിക്കണം.
ശബരിമലയുടെ മുന്നരുക്കങ്ങൾ വിലയിരുത്തുന്നതിനായി വിളിച്ചു ചേർക്കുന്ന അവലോകന യോഗങ്ങൾ പ്രഹസനമാണെന്ന് ഹൈന്ദവസംഘടനകൾ ആരോപിച്ചു. പലപ്പോഴും യോഗത്തിൽ മുന്നൊരുക്കങ്ങൾ സംബിന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്ത് പിരിയുന്നതല്ലാതെ അവ നടപ്പിലാക്കാൻ ബന്ധപ്പെട്ടവർ ശ്രമിക്കുന്നില്ല. നഗരസഭയും സംസ്ഥാന ഭരണകൂടവും കുറ്റകരമായ അനാസ്ഥയാണ് ഇക്കാര്യത്തിൽ കാട്ടുന്നത്.ഇതിനെതിരെ ശക്തമായ പ്രതിഷേധം നടത്തും.
(ഹൈന്ദവ സംഘടനകൾ)