adoor

അടൂർ : ലോകസിനിമകൾ കാണാനും അതിന്റെ സൂക്ഷ്മാംശങ്ങളിലേക്ക് കടന്നുപോകാനും ഉപകരിക്കുന്നതാണ് അന്തർദേശീയ ഫിലീം ഫെസ്റ്റിവലുകളെന്ന് ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. അടൂർ അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കലകളിൽ ഏറ്റവും മഹത്തായ കല സിനിമയാണ്. നിരവധി പുസ്തകങ്ങൾ വായിച്ചാൽ കിട്ടുന്നതിൽ കൂടുതൽ അറിവുകൾ ലോകത്തെക്കുറിച്ചും നമ്മളെപറ്റിയും സമൂഹത്തെപ്പറ്റിയും സിനിമകൾ നൽകുന്നു. അടൂർ പോലെയുള്ള ചെറു നഗരങ്ങളിൽ ഇത്തരമൊരു ഭാരമേറിയ ദൗത്യം വിജയകരമാക്കുക എന്നത് കലയെ സ്നേഹിക്കുന്ന ഒരുപറ്റം ആളുകൾ ഇവിടെ ഉള്ളതുകൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അദ്ധ്യക്ഷതവഹിച്ചു. ഫെസ്റ്റിവൽ ഡയറക്ടർ ഡോ. ബിജു, നഗരസഭാ ചെയർമാൻ ഡി. സജി, ആർ. ഉണ്ണികൃഷ്ണപിള്ള, നഗരസഭാ വൈസ് ചെയർപേഴ്സൺ ദിവ്യാ റജി മുഹമ്മദ്,സി. സുരേഷ് ബാബു, ബി. രാജീവ് എന്നിവർ പ്രസംഗിച്ചു.