കൊടുമൺ : കൊടുമൺ ഐക്കരേത്ത് ആതിര ഭവനിൽ ആദർശ് (21)ന്റെ മരണവുമായി ബന്ധപ്പെട്ട്

ഫാമിലെ ജോലിക്കാരൻ താഴെവെട്ടിപ്പുറം ചെറപ്പുറം പുത്തൻവീട്ടിൽ പ്രസാദ് (60) നെ അറസ്റ്റു ചെയ്തു. ഇയാൾ പാറക്കരയിൽ വാടകയ്ക്ക് താമസിക്കയാണ് . ഫാം നടത്തിപ്പുകാർ ഒളിവിലാണ്. അനധിക്യതമായി വൈദ്യുത വേലി സ്ഥാപിച്ചതിനാണ് ഇവരുടെ പേരിൽ കേസെടുത്തത്. തട്ട-തോലൂഴം പെട്രോൾ പമ്പിന് സമീപമുള്ള വലിയ തോട്ടിൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30 നാണ് ആദർശിന്റെ മൃതദേഹം കണ്ടെത്തിയത്. ദീപാവലി ദിവസം വൈകിട്ട് മുതലാണ് ആദർശിനെ കാണാതാകുന്നത്. വൈദ്യുതാഘാതം ഏറ്റാണ് മരിച്ചതെന്ന് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തിയിരുന്നു. ഫാമിൽ സംഘർഷം നടന്നതായാണ് പൊലീസ് പറയുന്നത്. സംഘർഷത്തിൽ ആദർശ് ഷോക്കേറ്റ് ഫാമിലെ ചാലിൽ തെറിച്ചു വീഴുകയായിരുന്നു. എഴുന്നേൽക്കാനാവാതെ ഇവിടെക്കിടന്ന് വെള്ളം കുടിച്ചു മരിച്ചു. പിന്നീട് തോട്ടിൽ തള്ളിയിടുകയായിരുന്നെന്ന് പൊലീസ് പറ‌ഞ്ഞു. വൈദ്യുതാഘാതമേറ്റ പാടുകളും ആദർശിന്റെ ദേഹത്തുണ്ടായിരുന്നു. ഇടത്തിട്ട ഭാഗത്ത് താമസിക്കുന്ന ആദർശ് നാല് കിലോമീറ്റർ അകലെയുള്ള ഈ സ്ഥലത്ത് എന്തിനെത്തി എന്നതിൽ കൂടുതൽ അന്വേഷണം നടക്കുന്നുണ്ട്.