water
പൈപ്പിടാൻ കുഴിയെടുത്ത വള്ളംകുളത്ത് ഓട തകർന്ന നിലയിൽ

തിരുവല്ല: അടുത്തിടെ നിർമ്മാണം പൂർത്തിയാക്കിയ ഓടയുടെ സ്ളാബ് ജല അതോറിറ്റി പൈപ്പിടാൻ കുഴിയെടുത്തപ്പോൾ ഇടിഞ്ഞുവീണു. പൈപ്പ് കുഴിച്ചിടാനെത്തിയ രണ്ട് അന്യസംസ്ഥാന തൊഴിലാളികൾക്ക് പരിക്കേറ്റു വള്ളംകുളം - തോട്ടപ്പുഴ റോഡിൽ ഇന്നലെ ഉച്ചകഴിഞ്ഞാണ് സംഭവം. ഈമാസം ആദ്യം സ്ളാബിട്ട് മേൽമൂടി സ്ഥാപിച്ച ഓടയാണ് തകർന്നത്. ഓടയുടെയും റോഡിന്റെയും ഇടയിൽ പൈപ്പുകൾ കുഴിച്ചിടാനായി ഒരാൾ താഴ്ചയിൽ ജെ.സി.ബി.യുടെ സഹായത്തോടെ കുഴിയെടുക്കുകയായിരുന്നു. കുറേഭാഗത്തെ കുഴിയെടുത്തതോടെ നിർമ്മാണം പൂർത്തിയാക്കിയ ഓടയുടെ സ്ളാബ് ഉൾപ്പെടെ തകർന്ന് കുഴിയിൽ വീഴുകയായിരുന്നു. ഓട നിർമ്മിച്ച് ഒന്നാംഘട്ടം ടാറിംഗ് പൂർത്തിയാക്കിയ വള്ളംകുളം ഭാഗത്തെ 15 മീറ്റർ ഭാഗമാണ് ഇടിഞ്ഞുവീണത്. മേൽനോട്ടത്തിന് ഉദ്യോഗസ്ഥരില്ലാതെയാണ് കുഴിയെടുക്കുന്ന ജോലികൾ നടത്തിയതെന്ന് നാട്ടുകാർ പറഞ്ഞു. സംഭവത്തെ തുടർന്ന് പൊതുമരാമത്ത്, ജല അതോറിറ്റി അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി.