 
തിരുവല്ല : ലോക ഒക്ക്യൂപ്പേഷണൽ തെറാപ്പി ദിനത്തിന്റെ ഭാഗമായി ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ ആശുപത്രിയിൽ വീൽ ചെയറിൽ ജീവിക്കുന്നവരുടെ കൂട്ടായ്മ സംഘടിപ്പിച്ചു. വീൽ ചെയർ വാരിയേഴ്സ് എന്ന പേരിൽ വീൽ ചെയറിനെ ആശ്രയിച്ച് കഴിയുന്നവർക്ക് വേണ്ടി പിന്തുണാ സംരംഭം ഉദ്ഘാടനം ചെയ്തു. ഈ വർഷത്തെ ലോക ഒക്ക്യൂപ്പേഷണൽ ദിനത്തിന്റെ ചിന്താവിഷയത്തെ ആസ്പദമാക്കി സീനിയർ ഒക്ക്യുപ്പേഷണൽ തെറാപ്പിസ്റ്റ്, ഫേബാ ജോസ് സദസുമായി സംവദിച്ചു. തുടർന്ന് വീൽചെയറിൽ ജീവിക്കുന്നവർ അവരവരുടെ അനുഭവങ്ങൾ പങ്കുവച്ചു. ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ.ജോംസി ജോർജ് ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ പി.എം.ആർ വിഭാഗത്തിന്റെ മേധാവി ഡോ.റോഷിൻ മേരി വർക്കി പാനൽ ചർച്ച നടത്തി.വീൽചെയറിൽ ജീവിക്കുന്നവർക്കും അവരുടെ കുടുംബാംഗങ്ങൾക്കും വേണ്ട മാനസികവും സാമൂഹികവുമായ പിന്തുണ നൽകേണ്ടതിനെക്കുറിച്ചും അതിന് ബിലീവേഴ്‌സിന്റെ ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ വിഭാഗം നടത്തുന്ന പ്രവർത്തനങ്ങളെക്കുറിച്ചും പാനൽ ചർച്ചയിൽ വിശദീകരിക്കുകയും സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു. എൻ.ആർ.സി ഡയറക്ടർ ജോൺസൺ ഇടയാറൻമുള,പി.എം.ആർ അംബാസഡർ ആഗ്‌ന ഏബ്രഹാം, സോഷ്യൽ വർക്കർ അനൂജ റോസ്, തെറാപിസ്റ്റുകളായ ഭവൻ വി.പി, അനീഷ അലക്‌സാണ്ടർ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.പി.എം.ആർ വിഭാഗത്തിന്റെ ഇതു പോലെയുള്ള നൂതന സംരംഭങ്ങൾ ഏറെ പ്രതീക്ഷ നൽകുന്നവയാണ് കൂട്ടായ്മയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.