പന്തളം : പന്തളം നഗരസഭയുടെ 2021-22 പദ്ധതി പ്രകാരം തെരുവുവിളക്ക് സാമഗ്രികൾ വാങ്ങിയതിൽ ക്രമക്കേടുണ്ടെന്ന് യു.ഡി.എഫ് കൗൺസിലർമാർ ആരോപിച്ചു. ട്യൂബ് ലൈറ്റുകൾക്ക് ഗുണനിലവാരമില്ലാത്തതിനാൽ കരാറുകാരന് പണം നൽകാൻ പാടില്ലെന്ന് നഗരസഭയിലെ പത്തൊമ്പത് അംഗങ്ങൾ വിയോജന കുറിപ്പ് നൽകിയിരുന്നു. തുടർന്ന് കരാറുകാരൻ ഹൈക്കോടതിയെ സമീപിക്കുകയും കോടതി അപ്രൂവൽ ഏജൻസിയിൽ ടെസ്റ്റ് നടത്തി റിപ്പോർട്ടു നൽകുവാൻ ആവശ്യപ്പെടുകയും ചെയ്തു. ഗുണനിലവാരമില്ലാത്ത ട്യൂബ് ലൈറ്റുകൾ പരിശോധിക്കാൻ കൊടുക്കാതെ സീൽഡ് ബോക്‌സ് ട്യൂബ് ലൈറ്റാണ് പരിശോധനയ്ക്ക് നൽകിയത് . ഇതിലൂടെ കരാറുകാരനെ സഹായിക്കുന്ന നിലപാടാണ് ചെയർപേഴ്‌സൺ നടത്തുന്നതെന്നും വിജിലൻസ് അന്വേഷണം നടത്തണമെന്നും യു.ഡി എഫ് കൗൺസിലർമാരായ കെ.ആർ വിജയകുമാർ,കെ.ആർ.രവി ,പന്തളം മഹേഷ്, സുനിതാ വേണു ,രത്‌നമണി സുരേന്ദ്രൻ എന്നിവർ ആവശ്യപ്പെട്ടു.