കോന്നി: നട്ടെല്ലിന് പരിക്കേറ്റ് കിടപ്പിലായ ആളെ ആശുപത്രിയിൽ കൊണ്ടുപോകാൻ സഞ്ചാരയോഗ്യമായ റോഡില്ലെന്ന് പരാതി. കോന്നി പഞ്ചായത്തിലെ അഞ്ചാം വാർഡിലെ കൊന്നപ്പാറ പലനിൽക്കുന്നതിൽ മാത്യുവാണ് വിശാഖപട്ടണത്തുവച്ചു ജോലിക്കിടെ നട്ടെല്ലിന് പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തുടർന്ന് നാട്ടിലെത്തിച്ച ശേഷം കഴിഞ്ഞ 20 വർഷങ്ങളായി ഇദ്ദേഹം കിടപ്പിലാണ്. കോന്നി തണ്ണിത്തോട് റോഡിലെ കൊന്നപ്പാറ പാരിഷ് ഹാളിനു സമീപത്തുള്ള ഇദ്ദേഹത്തിന്റെ വീട്ടിലേക്ക് പോണമെങ്കിൽ ഇടുങ്ങിയ പഞ്ചായത്ത് റോഡാണുള്ളത്. ഈ റോഡിനെ പകുതി ഭാഗം മാത്രമേ കോൺക്രീറ്റ് ചെയ്തിട്ടുള്ളു. ബാക്കിയുള്ള അൻപത് മീറ്റർ ഭാഗം കല്ലുകൾ നിറഞ്ഞതാണ് ഈ റോഡിലൂടെ ഇദ്ദേഹത്തെ ചുമന്നു കൊണ്ടാണ് ആശുപത്രിയിൽ കൊണ്ടുപോകുന്നത്. കല്ലുകൾ നിറഞ്ഞു കിടക്കുന്ന റോഡ് കോൺക്രീറ്റ് ചെയ്തു തരണമെന്ന് ആവശ്യപെട്ട് കോന്നി ഗ്രാമ പഞ്ചായത്തിലും ജില്ലാ കളക്ടർക്കും, മനുഷ്യാവകാശ കമ്മീഷനിലും പലതവണ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്ന് കുടുംബാംഗങ്ങൾ പറയുന്നു. കിടപ്പിലായ ഇദ്ദേഹത്തിനെ ചുമന്ന് കൊണ്ട് മെയിൻ റോഡിലെത്തിച്ചു ആശുപത്രിയിൽ കൊണ്ടുപോകുന്നത് ശ്രമകരമാണ് ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.